അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണുണ്ടായ ദുരന്തത്തില്‍ മരിച്ച യാത്രക്കാരല്ലാത്ത, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഒരുകോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉമടകളായ ടാറ്റാ ഗ്രൂപ്പ്. അപകടത്തില്‍പ്പെട്ട വിമാനയാത്രക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് പുറമേ വിമാനം തകര്‍ന്നുവീണ പരിസരത്തുവെച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നാണ് പ്രഖ്യാപനം.
|
യാത്രക്കാര്‍ അല്ലാത്ത 33 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാചെലവുകള്‍ വഹിക്കുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. മരിച്ച യാത്രക്കാരുടെ കുടുംബത്തിന് ഒരുകോടി രൂപ നല്‍കുമെന്ന് നേരത്തെ ടാറ്റ ഗ്രൂപ്പ് അറിയിച്ചിരുന്നു. രക്ഷപ്പെട്ട ഏക യാത്രക്കാരന്റെ ചികിത്സയും കമ്പനി ഏറ്റെടുത്തിരുന്നു.
വ്യാഴാഴ്ച വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ആണ് ജനവാസ കേന്ദ്രത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും സമീപവാസികളും ഉള്‍പ്പെടെയാണ് മരിച്ചത്. ഇവരുടെ കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. കൂടാതെ പരുക്കേറ്റവരുടെ ചികിത്സയും ടാറ്റ ഏറ്റെടുക്കും. വിമാനം ഇടിച്ച് തകര്‍ന്ന മെഡിക്കല്‍ കോളേജിന് കെട്ടിടം നിര്‍മ്മിച്ച് നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
Tata Group has announced that it will provide compensation to the families of all those who died in the plane crash.


