കോഴിക്കോട്: താമരശ്ശേരിയില്‍ സെന്റോഫ് പാര്‍ട്ടിക്കിടെ പത്താംക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്. (Thamarassery Shahabas murder: Instagram chats out ) ഷഹബാസിനെ കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് കൊലവിളി സന്ദേശം. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കുമെന്നും കൂട്ടത്തല്ലില്‍ മരിച്ചു കഴിഞ്ഞാല്‍ പ്രശ്‌നമില്ലെന്നും പൊലീസ് കേസെടുക്കില്ലെന്നും ചാറ്റില്‍ പറയുന്നു.
|
ഓന്റെ കണ്ണൊന്ന് പോയ് നോക്ക് നീ..കണ്ണൊന്നൂല്ല.കൂട്ടത്തല്ലില്‍ ഒരാള്‍ മരിച്ചാലും വലിയ വിഷയോന്നുമില്ല. കേസെടുക്കില്ല..കേസ് തള്ളിപ്പോകും. കാരണം ഓനല്ലേ ഇങ്ങോട്ടുവന്നത് എന്ന് പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്ത് വന്നത്.
മറ്റൊരു ഓഡിയോ സന്ദേശത്തില്‍ ശഹബാസിനെ കുത്താനുള്ള ആഹ്വാനവുമുണ്ട്. ”വേഗം വരീട്ടോ.. എല്ലാവരും വരിക, ഇന്ന് നമ്മള് കുത്തീട്ടേ പോകൂ.. ഞങ്ങള് കുത്തും എന്തായാലും.. ആണുങ്ങള്‍ ആരെങ്കിലും ഈ ഗ്രൂപ്പിലുണ്ടെങ്കില്‍ വേഗം വന്നോളീ..”- എന്നാണ് വാട്‌സാപ്പ് ചാറ്റില്‍ പറയുന്നത്.
ALSO READ: താമരശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പത്താം ക്ലാസുകാരന്‍ മരിച്ചു
താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനാണ് മുഹമ്മദ് ഷഹബാസ്.
രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഷഹബാസ്. ഫെയര്‍വെല്‍ പരിപാടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവങ്ങളുടെ തുടക്കം. എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ ഡാന്‍സ് കളിക്കുമ്പോള്‍ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ കൂകിയതാണു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതിനു പകരം വീട്ടാന്‍ വ്യാഴാഴ്ച്ച വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും ഗ്രൂപ്പ് ഉണ്ടാക്കി കൂടുതല്‍ കുട്ടികളെ വിളിച്ചു വരുത്തിയാണ് അടിക്കാന്‍ എത്തിയത്. സംഘത്തില്‍ പുറത്ത് നിന്നുള്ള കുട്ടികളും ഉള്‍പ്പെട്ടതായാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളെ ഇന്നലെ ജാമ്യക്കാര്‍ക്കൊപ്പം വിട്ടയച്ചിരുന്നു. നേരത്തെ വധശ്രമം ചുമത്തിയ കേസില്‍ ഇന്ന് ഐപിസി 302 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ കൂടി ചുമത്തും.
ഗൂഢാലോചന കണ്ടെത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടു. അക്രമിച്ചവരില്‍ മുതിര്‍ന്നവര്‍ ഉണ്ടെന്നും ഇവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നും കുടുംബം പറയുന്നു.
Content Highlights: Instagram chats out in the incident of death of thamarassery student


