14
May 2023
Tue
14 May 2023 Tue

ജിദ്ദ: നിഷ്പക്ഷമനസ്സുകളില്‍ പോലും പച്ചനുണയിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം കുത്തിനിറച്ച് അധികാരം പിടിക്കാനും ഉള്ളത് നിലനിര്‍ത്താനും സംഘ്‌പരിവാർ ശക്തികള്‍ നടത്തുന്ന കുത്സിതശ്രമം പരാജയപ്പെടുത്താന്‍ സാഹോദര്യത്തിന്റെയും മതേതര ചിന്താധാരയുടെയും സന്ദേശം പകരുന്ന കലാ-സാഹിത്യ രചനകളും കാര്യക്ഷമമായ ബോധവല്‍ക്കരണവും ഉണ്ടാവാണമെന്നും അതിന് മതേതര-ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്നും കെ പി സി സി മൈനോറിറ്റി ഡിപ്പാർട്മെന്റ് സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച പ്രമുഖര്‍ ആവശ്യപ്പെട്ടു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

“ദി കേരള സ്റ്റോറി – ഒരു നുണക്കഥയുടെ കാണാപ്പുറങ്ങള്‍” എന്ന ശീര്‍ഷകത്തില്‍ കെ.പി.സി.സി. മൈനോറിറ്റി ഡിപ്പാര്ട്ട്മെന്റാണ് വനിതകളടക്കമുള്ള മത-സാംസ്കാരിക-രാഷ്ട്രീയ സംഘടനാ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് കാലികപ്രസക്തിയുള്ള സെമിനാര്‍ ജിദ്ദയില്‍ സംഘടിപ്പിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റേത് രാജ്യക്കാരേക്കാളും ഏറെ വിശ്വാസ്യതയുള്ള മലയാളികളുടെ മേല്‍ സംശയത്തിന്‍റെ കരിനിഴല്‍ വീഴ്ത്തി അവരെ സാമ്പത്തികമായി തകര്‍ക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ഗൂഡാലോചനയാണ് “ദി കേരള സ്റ്റോറി” എന്ന ഈ നുണക്കഥ. കലാസൃഷ്ടികളെ നീചവും നികൃഷ്ടവുമായ രീതിയില്‍ അവതരിപ്പിക്കുന്നതിനെ നെട്ടെല്ല് നിവര്‍ത്തിനിന്ന് ശക്തമായ ഭാഷയില്‍ ഒന്ന് അപലപിക്കാന്‍ പോലും തയാറാവാത്ത സാംസ്കാരിക നായകര്‍ മലയാളിമനസ്സുകളെ നൊമ്പരപ്പെടുത്തുകയാണെന്ന് സെമിനാറില്‍ പങ്കെടുത്ത ഏതാണ്ടെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഈ ക്ഷുദ്ര സിനിമക്ക് നികുതിഇളവ് നല്‍കിയ ചില സംസ്ഥാന സര്‍ക്കാറുകള്‍ സത്യത്തിനും മൂല്യങ്ങള്‍ക്കും എതിരെയാണ് പ്രവര്‍ത്തിക്കുന്നത്.

ഫാസിസ്റ്റ് ശക്തികളുടെ ലക്ഷ്യത്തിനനുസൃതമായി “ദി കേരള സ്റ്റോറി” കേരളത്തിനും ഇന്ത്യക്കും പുറത്തായിരിക്കും കൂടുതല്‍ വര്‍ഗ്ഗീയ ദൃവീകരണവും അപരവല്‍ക്കരണവും സൃഷ്ടിക്കുക. പതിറ്റാണ്ടുകള്‍ക്ക് മുന്നേതന്നെ സര്‍വ്വ മേഖലകളിലും പുരോഗതി പ്രാപിച്ച കേരളത്തെ കരിവാരിത്തേക്കുക എന്നതും ഈ സിനിമയുടെ ഒരു ലക്ഷ്യമാണ്. അതുകൊണ്ട് തന്നെയാണ് പ്രവാസ ലോകത്ത് ഈ സിനിമക്കെതിരെ എല്ലാ മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനകളും മാധ്യമ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രതിഷേധ ശബ്ദമുയര്‍ത്തുന്നത്.

കെ.പി.സി.സി. മൈനോറിറ്റി ഡിപ്പാര്ട്ട്മെന്‍റ് സംസ്ഥാന സെക്രട്ടറി കെ.സി.അബ്ദുറഹ്മാന്‍ മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇഖ്ബാല്‍ പൊക്കുന്ന് (ഓ.ഐ.സി.സി), അബൂബക്കര്‍ അരിമ്പ്ര (കെ.എം.സി.സി), സല്‍മാനുല്‍ ഫാരിസ് ദാരിമി (സമസ്ത ഇസ്ലാമിക്‌ സെന്‍റര്‍), ശിഹാബ് സലഫി (ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍), മൗഷമി ശരീഫ് (ഓ.ഐ.സി.സി. വനിതാ വിംഗ് റീജ്യണല്‍ പ്രസിഡന്റ്‌), നാസര്‍ ചാവക്കാട് (ഐ.ഡി.സി), സാദിഖ് അലി തുവ്വൂര്‍ (ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം), ജലീല്‍ കണ്ണമംഗലം (24 ന്യൂസ്‌), സുല്‍ഫിക്കര്‍ ഒതായി (അമൃതാ ന്യൂസ്‌), നസീര്‍ വാവക്കുഞ്ഞ്, നാസര്‍ വെളിയങ്കോട് (സൗദി ഇന്ത്യന്‍ അസോസിയേഷന്‍), സിയാദ് അബ്ദുള്ള (അഭിനേതാവ്), പ്രിന്‍സാദ് കോഴിക്കോട് (ഫോക്കസ് ജിദ്ദ), ഓ.ഐ.സി.സി. നേതാക്കളായ അഹ്സാബ് വര്‍ക്കല, ശ്രീജിത്ത് കണ്ണൂര്‍, സഹീര്‍ മാഞ്ഞാലി തുടങ്ങിയവര്‍ അവരവരുടെ വീക്ഷണത്തില്‍ വിഷയം അവതരിപ്പിച്ചു.

സി.എം. അഹമ്മദ്‌ ആക്കോട് സ്വാഗതവും മൈനോറിറ്റി ഡിപ്പാര്ട്ട്മെന്‍റ് മലപ്പുറം ജില്ലാ ജനറല്‍സെക്രട്ടറി മുജീബ് പാക്കട നന്ദിയും പറഞ്ഞു. ഹക്കീം പാറക്കല്‍, ഹുസൈന്‍ ചുള്ളിയോട്, അഷ്‌റഫ്‌ വടക്കേകാട്, നൌഷീര്‍ കണ്ണൂര്‍, നസീര്‍ സൈന്‍, നാസര്‍ കോഴിത്തൊടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക