ബംഗ്‌ളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള അവസാന വട്ട തെരച്ചില്‍ ഇന്നും തുടരും.(The search for Arjun continues today) അര്‍ജുന്റെ ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന.
|
അര്‍ജുനടക്കം മണ്ണിടിച്ചില്‍ കാണാതായ മൂന്ന് പേരെയാണ് ഇനി കണ്ടത്തേണ്ടത്. കാര്‍വാറില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ചാണ് തെരച്ചില്‍. പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും.
ഇത് അവസാന ശ്രമമാണെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പ്രതികരിച്ചു. ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയാല്‍ അര്‍ജുന്‍ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അര്‍ജുന്റെ കുടുംബവും പ്രതികരിച്ചു.
66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം ഘട്ട തെരച്ചില്‍ ആരംഭിച്ചത്. വേലിയേറ്റം ആരംഭിച്ചതോടെ ഇന്നലെ രാവിലെ 10 മണിക്ക് തന്നെ ഡ്രഡ്ജര്‍ ഷിരൂരിന്റെ ലക്ഷ്യമാക്കി നീങ്ങി. അപകട സ്ഥലത്തിന് 200 മീറ്റര്‍ അകലെ അര്‍ജുന്റെ ലോറി ഉണ്ടെന്ന് സംശയിക്കുന്ന സിപി 4 ന് സമീപം ആണ് നങ്കൂരമിട്ടത്. വൈകിട്ട് അഞ്ചുമണിയോടെയാണ് കാര്‍വാര്‍ എംഎല്‍എയും ജില്ലാ കലക്ടറും സ്ഥലത്തെത്തിയത്. തുടര്‍ന്ന് ദൗത്യം തുടങ്ങുന്നതിനു മുന്‍പുള്ള പൂജ നടത്തി.
ഇന്നലെ രാവിലെ 11 മണിക്ക് ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരാനായിരുന്നു പദ്ധതി ഇട്ടതെങ്കിലും ഡ്രഡ്ജര്‍ സ്ഥലത്തെത്താന്‍ 5.30 ആയി. ഏതാണ്ട് 20 മിനിറ്റോളം നടത്തിയ പരിശോധനയില്‍ ലോറി കണ്ടെത്താന്‍ ആയില്ല.
ലോറിയില്‍ വെള്ള ടാങ്ക് ഉറപ്പിക്കുന്ന ഇരുമ്പ് റിങ്ങിന്റെത് എന്ന് സംശയിക്കുന്ന ഇരുമ്പ് ഭാഗം കണ്ടെത്തി. ഇന്ന് രാവിലെ 8:00 മണിക്ക് തെരച്ചില്‍ പുനരാരംഭിക്കും. ഉപയോഗിച്ച പരിശോധനയില്‍ ലോറിയുടെ സ്ഥാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.


