29
Jul 2024
Tue
29 Jul 2024 Tue
Building tax fees

തിരുവനന്തപുരം: കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കുത്തനെ ഉയര്‍ത്തിയ 2023 ഏപ്രിലിലെ തീരുമാനം പിന്‍വലിച്ചേക്കും.(There may be relaxation in steeply increased building construction fees)  തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനു സിപിഎം നിര്‍ദേശം നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പു തോല്‍വിയെ തുടര്‍ന്നുള്ള തിരുത്തല്‍ നടപടികളുടെ ഭാഗമായാണ് നടപടി. ഫീസ് വര്‍ധനയ്‌ക്കെതിരേ വ്യാപക പ്രതിഷേധമുണ്ടായെങ്കിലും പിന്‍വലിക്കില്ലെന്നായിരുന്നു ഇതുവരെ സര്‍ക്കാര്‍ നിലപാട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെട്ടിടനിര്‍മാണ അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയില്‍ വരുത്തിയ വര്‍ധന അശാസ്ത്രീയവും ജനവിരുദ്ധവുമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അപേക്ഷാ ഫീസ് 50 രൂപയില്‍നിന്ന് 1,000 രൂപയായി ഒറ്റയടിക്കു കൂട്ടി. പെര്‍മിറ്റ് ഫീസ് പഞ്ചായത്തുകളില്‍ ചെറിയ വീടുകള്‍ക്ക് 525 രൂപയില്‍നിന്ന് 7500 രൂപയായും വലിയ വീടുകള്‍ക്ക് 1750 രൂപയില്‍നിന്ന് 25,000 രൂപയായും കൂട്ടി. നഗരമേഖലയില്‍ ചെറിയ വീടുകള്‍ക്ക് 750 രൂപയില്‍നിന്ന് 15,000 രൂപയായും വലിയ വീടുകള്‍ക്ക് 2500 രൂപയില്‍നിന്ന് 37,500 രൂപയായും വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 10 മുതല്‍ 20 ഇരട്ടിവരെയായിരുന്നു വര്‍ധന.

നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകന് യഥാസമയം പണം നല്‍കാനുള്ള നടപടി സ്വീകരിക്കാനും സിപിഎം ആവശ്യപ്പെട്ടു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അതു മുഖേന നല്‍കുന്ന ഇപ്പോഴത്തെ രീതി പുനഃപരിശോധിക്കും. പകരം പഴയതു പോലെ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുഖേന നല്‍കാനാണ് ആലോചിക്കുന്നത്. 400 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ നല്‍കാനുള്ള കുടിശിക.