|
കോഴിക്കോട്: തിരുവമ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ ആക്രമണം നടത്തിയവരുടെ വീടുകളിലെ കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി അജ്മലിന്റെ മാതാവ്. ബില്ലടയ്ക്കാന്‍ ഒരു ദിവസം വൈകിയിരുന്നുവെന്നും എന്നാല്‍ അവര്‍ വന്ന് കണക്ഷന്‍ വിച്ഛേദിച്ച ദിവസം വൈകുന്നേരത്തോടെ ബില്ലടച്ചിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു. ബില്ലടച്ചിട്ടും കണക്ഷന്‍ തന്നില്ലെന്നും അതുകൊണ്ട് വളരെയേറെ ബുദ്ധിമുട്ടിയെന്നും അവര്‍ പ്രതികരിച്ചു. കറന്റ് പുനഃസ്ഥാപിക്കാന്‍ വന്നയാള്‍ അസഭ്യം പറയുകയും തന്നെ ഉന്തിമാറ്റിയെന്നും അജ്മലിന്റെ മാതാവ് ആരോപിച്ചു.
ബില്ലടയ്ക്കാന്‍ ഒരു ദിവസം വൈകിയിരുന്നു. അവര്‍ വന്ന് കണക്ഷന്‍ വിച്ഛേദിച്ച ദിവസം വൈകുന്നേരത്തോടെ ബില്ലടച്ചിരുന്നു. പലതവണ ഫോണില്‍വിളിച്ചു. എന്നിട്ടും കണക്ഷന്‍ തന്നില്ല. വീട്ടില്‍ ഭക്ഷണമൊക്കെ ഉണ്ടാക്കിവച്ചിരുന്നു. അതൊക്കെ കേടായി. കറന്റില്ലാതെ ആകെ ബുദ്ധിമുട്ടായി. ബാത്ത്‌റൂമില്‍ പോകാനും കഴിഞ്ഞില്ല. കറന്റ് പുനഃസ്ഥാപിക്കാന്‍ വന്നയാള്‍ അസഭ്യം പറയുകയും എന്നെ ഉന്തിമാറ്റുകയുംചെയ്തു. കറന്റ് നല്‍കാന്‍ വൈകിയപ്പോഴാണ് മക്കള്‍ ദേഷ്യത്തോടെ സംസാരിച്ചത്. പിറ്റേ ദിവസം വാര്‍ത്തയില്‍ കാണുന്നത് മക്കളുടെ രണ്ടുപേരുടെയും പേരില്‍ കേസുണ്ടെന്നാണ്. ഇതുകണ്ടിട്ടാണ് പിറ്റേദിവസം അവര്‍ ഓഫീസിലേക്ക് പോയത്. അവിടെ ചെന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ മക്കളെ ഉപദ്രവിക്കുകയായിരുന്നു. പിന്നാലെയാണ് കെഎസ്ഇബി ചെയര്‍മാന്‍ വീട്ടിലെ വൈദ്യുതി ബന്ധം വീണ്ടും വിച്ഛേദിക്കാന്‍ ഉത്തരവിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അജ്മലിന്റെ പിതാവ് റസാഖിന്റെ പേരിലുള്ളതാണ് വൈദ്യുതി കണക്ഷന്‍. അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്. നഷ്ടം നികത്തിയ ശേഷം വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് ഇപ്പോള്‍ ബോര്‍ഡിന്റെ നിലപാട്. ജീവനക്കാരുടെ പരാതിയില്‍ അജ്മലിനും സഹോദരന്‍ ഫഹ്ദാനും എതിരെ കേസെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് അജ്മല്‍.
അതേസമയം, ഓഫീസിലെ സാധന സാമഗ്രികളോ കമ്പ്യൂട്ടറോ തകര്‍ത്തിട്ടില്ലെന്ന് കേസിലെ പ്രതിയായ അജ്മല്‍ പറഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തന്നെയും സഹോദരനെയും ആക്രമിക്കുക ആയിരുന്നെന്നും കമ്പ്യൂട്ടറും ഫര്‍ണിച്ചറും തകര്‍ത്തത് ഉദ്യോഗസ്ഥരാണെന്നും അജ്മല്‍ പറയുന്നു. താന്‍ കെഎസ്ഇബി ഓഫീസിലേക്ക് കയറിപ്പോകുന്നത് മുതല്‍ ഇറങ്ങി വരുന്നതു വരെയുള്ള ദൃശ്യങ്ങള്‍ തന്റെ ഫോണിലുണ്ട്. ഈ ഫോണ്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പിടിച്ചുവാങ്ങിയെന്നും അജ്മല്‍ പറഞ്ഞു. കോടതി റിമാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് അജ്മല്‍ അയച്ച ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അതേസമയം വീട്ടിലുണ്ടായിരുന്ന പഴയ കറി കൊണ്ടുവന്ന് ഉദ്യോഗസ്ഥന്റെ മേല്‍ ഒഴിച്ചെന്ന് അജ്മല്‍ സമ്മതിച്ചു.
തിരുവമ്പാടി കെഎസ്ഇബി ഓഫിസിലെ സാധന സാമഗ്രികള്‍ യുവാക്കള്‍ അടിച്ചു തകര്‍ത്തു എന്ന പരാതി ഉയര്‍ന്നത് ഇന്നലെയാണ്. പിന്നീട് ഈ കുടുംബത്തിന്റെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. വൈദ്യുതി വിച്ഛേദിച്ചതിനെതിരെ ഇന്നും സമരം തുടരുമെന്ന് വീട്ടുടമസ്ഥര്‍ പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് കെഎസ്ഇബി ഓഫീസിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
വൈദ്യുതി ബില്ല് അടക്കാന്‍ മനഃപൂര്‍വ്വം വൈകിയതല്ലെന്ന് അജ്മലിന്റെ പിതാവ് റസാഖ് പറഞ്ഞു. ബില്ല് അടക്കാന്‍ മറ്റൊരാളെ ഏല്പിച്ചിരുന്നു, അവര്‍ അടക്കാന്‍ വൈകിയതാകാം. നിത്യ രോഗികള്‍ ഉള്‍പ്പെടെയുള്ള വീട്ടുകാര്‍ക്ക് വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ വലിയ പ്രയാസങ്ങള്‍ ഉണ്ടായെന്നും കെഎസ്ഇബിക്ക് എതിരായ പ്രതിഷേധം തുടരുമെന്നും കുടുംബം പറഞ്ഞു. ഇന്നലെ മെഴുകുതിരി കത്തിച്ചുള്ള സമരത്തിനിടെ റസാഖ് കുഴഞ്ഞുവീണു. ആശുപത്രിയില്‍ നിന്നും നേരെ കെഎസ്ഇബി ഓഫിസില്‍ എത്തി സമരം തുടരുമെന്ന് റസാഖും ഭാര്യ മറിയവും പറഞ്ഞു. കെഎസ്ഇബി അധികൃതരുടെ നടപടിക്കെതിരെ ഇന്ന് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു.
വീട്ടുകാര്‍ വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് ഈ വ്യാഴാഴ്ച അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഓണ്‍ലൈനായി ബില്ലടച്ച അജ്മല്‍ ഉടന്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നലെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് അജ്മലും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. സംഭവത്തില്‍ ജീവനക്കാര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
thiruvambadi ajmal issue with kseb updates





