കൊച്ചി: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി.(Thuneri Shibin murder case: League activists found guilty by High Court) ഒന്ന് മുതല്‍ ആറ് വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയതായി കോടതി വ്യക്തമാക്കി.
|
കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ സര്‍ക്കാരിന്റെയും ഷിബിന്റെ മാതാപിതാക്കളുടെയും അപ്പീലിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.
കേസില്‍ വിചാരണ നേരിട്ട 17 പ്രതികളെയും കുറ്റക്കാരല്ലെന്നു കണ്ട് എരഞ്ഞിപ്പാലം മാറാട് പ്രത്യേക കോടതി നേരത്തെ വിട്ടയച്ചിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയയ്ക്കുകയാണെന്നുമാണ് വിധിന്യായത്തില്‍ ജഡ്ജി എസ്. കൃഷ്ണകുമാര്‍ വ്യക്തമാക്കിയത്.
ഇപ്പോള്‍ ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി അസ്ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു. വിചാരണാകോടതി വെറുതെവിട്ടതിന് പിന്നാലെയായിരുന്നു അസ്ലം അക്രമിക്കപ്പെട്ടത്. ഈ മാസം 15ന് ശിക്ഷ വിധിക്കും.
2015 ജനുവരി 22ന് രാത്രിയാണ് തൂണേരിയിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഷിബിന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.





