|
ന്യൂഡല്‍ഹി: BJP അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ നടത്തിവന്ന ബുള്‍ഡോസര്‍ രാജിന് സുപ്രീം കോടതിയില്‍നിന്ന് കനത്ത തിരിച്ചടി. ഏതെങ്കിലും കേസില്‍ പ്രതിയായാല്‍ വീടുകള്‍ പൊളിക്കരുതെന്നും വീട് നില്‍ക്കുന്ന സ്ഥലം അനധികൃതമെങ്കില്‍ നോട്ടീസ് നല്‍കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ഒരാള്‍ കുറ്റക്കാരനാകുന്നില്ല. കുറ്റക്കാരന്‍ ആണെങ്കില്‍ പോലും സ്വത്തില്‍ അവകാശം ഇല്ലാതാകുന്നില്ല. പ്രതിയായതിന്റെ പേരില്‍ വീട് പൊളിച്ച് കളയുന്നത് നിയമവിരുദ്ധമാണ്. പാര്‍പ്പിടം മൗലികഅവകാശമാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
പ്രതികളുടെ വീടുകള്‍ ശിക്ഷയെന്ന നിലയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവും ആണെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതോടൊപ്പം അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുന്നതിനുള്ള മാര്‍ഗരേഖ സുപ്രീം കോടതി പുറത്തിറക്കി.
കേസുകളില്‍ ശിക്ഷിക്കപെട്ടവരുടെ വീടുകള്‍ പോലും തകര്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ല.
ഹീനമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് പോലും ശിക്ഷ തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ്.
പാര്‍പ്പിടം ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന അവകാശമാണെന്ന് മറക്കരുത്.
കെട്ടിടങ്ങള്‍ പൊളിക്കുന്ന സര്‍ക്കാരുകളുടെ ഏകപക്ഷീയമായ നടപടി അംഗീകരിക്കാന്‍ ആകില്ല.
ഏതെങ്കിലും പ്രതിയുടെ വീട് നിയമപ്രകാരമല്ലാതെ പൊളിച്ചാല്‍ അവര്‍ക്ക് നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാവുന്നതാണ്.
നിയമ വിരുദ്ധമായ പൊളിക്കലുകളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാം.
Supreme Court Guidelines On Bulldozer Justice





