26
Feb 2024
Thu
26 Feb 2024 Thu

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ, പ്രതിയെ വെറുതെ വിട്ടതിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം നിയമസഭയില്‍ ഇന്നു രംഗത്തെത്തി. ഇടതു അനുകൂലിക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്ത നാള്‍ മുതല്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ ആരോപിച്ചു. കേസിന്റെ അന്വേഷണ കാലഘട്ടത്തിലും പ്രോസിക്യൂഷനിലുമടക്കം എല്ലായിടത്തും തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൂരമായ ഹീനകൃത്യം തെളിയിക്കപ്പെടേണ്ടത്. അത് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്വേഷണ ഉദ്യോഗസ്ഥന്‍ തുടക്കം മുതല്‍ അട്ടിമറിച്ചു. ആദ്യ ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ചു.

 

എന്റെ കൊച്ചിനെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതി നിലവിളിക്കുകയാണ്. അതിനൊപ്പം ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ട് പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാനുള്ള ശ്രമം നടത്തിയത് ലജ്ജിപ്പിക്കുന്ന സംഭവമാണ്. പ്രതിയാണ് മൃതശരീരം ഏറ്റുവാങ്ങിയത്. ഈ കേസിലെ വിധി പ്രസ്താവം കേട്ടാല്‍ അപമാന ഭാരത്താല്‍ തല കുനിച്ചു പോകുമെന്നും സതീശന്‍ പറഞ്ഞു.

 

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതേവിട്ട പ്രതിയുടെയോ അദ്ദേഹത്തിന്റെ അച്ഛന്റെയോ രാഷ്ട്രീയ നിലപാട് സര്‍ക്കാരിനെ സ്വാധീനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹതഭാഗ്യയായ കുട്ടിയുടെയും കുടുംബത്തിന്റെയും പ്രശ്‌നമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. അത്യന്തം നിര്‍ഭാഗ്യകരമായ സംഭവത്തില്‍ കര്‍ശന നടപടിക്കായി ഏതറ്റം വരെയും പോവുമെന്നും സണ്ണിജോസഫിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നല്‍കി.

 

ഭരണകക്ഷി അംഗമായ പ്രതിയെ സഹായിക്കാനാണ് അന്വേഷണത്തില്‍ കൃത്യവിലോപം കാട്ടിയതെന്നും പ്രോസിക്യൂഷന്‍ മുഴുവന്‍ പ്രതിഭാഗം ചേര്‍ന്നെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ സണ്ണി ജോസഫ് ആരോപിച്ചു. വണ്ടിപ്പെരിയാര്‍ കേസിലേത് നിര്‍ഭാഗ്യകരമായ വിധിയാണെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കോടതിയുടെ പരാമര്‍ശങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. വകുപ്പുതല പരിശോധനയും അന്വേഷണവും നടക്കുന്നുണ്ട്. അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ വീഴ്ചയോ ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ഒരു ആക്രമണം പോലുമുണ്ടാവരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. സമൂഹത്തോട് പ്രതിബദ്ധതയോടെയാവണം പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. ഇതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കോടതി വിധി വന്ന് ഒരു മാസമായിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും പുനരന്വേഷണത്തിന് തയ്യാറായില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാരാണ് ഒന്നാംപ്രതി. തെളിവുകളെല്ലാം തുടക്കത്തിലേ നശിപ്പിച്ചു. പാര്‍ട്ടിയുടെ ആവശ്യപ്രകാരം പ്രതിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമം കേരളത്തിന് അപമാനകരമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. വിധി വന്നതിനു ശേഷം കുട്ടിയുടെ അച്ഛനും മുത്തച്ഛനും ആക്രമിക്കപ്പെട്ടു.

 

ആക്രമിച്ച പ്രതി ഓടിക്കയറിയത് സിപിഎം ഓഫീസിലേക്കാണ്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ ബിയര്‍ കുപ്പികളും വാരിക്കുന്തവുമായാണ് സി.പി.എം നേരിട്ടത്. പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയിട്ട് പൊലീസ് ഇതുപോലെയാണ് അന്വേഷണം നടത്തുന്നതെങ്കില്‍ ഈ നാട്ടില്‍ എവിടെ നീതി കിട്ടും. അട്ടപ്പാടിയും വാളയാറും തന്നെയാണ് വണ്ടിപ്പെരിയാറിലും ആവര്‍ത്തിക്കപ്പെട്ടത്.

 

സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് ജനല്‍ തുറന്നു കിടക്കുകയായിരുന്നെന്ന് ദൃക്സാക്ഷി മൊഴിയുണ്ട്. ജനലില്‍ കൂടിയാണ് പ്രതി രക്ഷപ്പെട്ടത്. രണ്ടാമത് വീടിനുള്ളില്‍ കയറിയ പ്രതി ജനലിന്റെ കൊളുത്തിട്ടു. എന്നാല്‍ ജനലിന്റെ കൊളുത്ത് ഇട്ടിട്ടുണ്ടെന്നും പ്രതിക്ക് വീട്ടിനുള്ളില്‍ കയറാനുള്ള ഒരു സാധ്യതയും ഇല്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.

 

പ്രതിയെ ചോദ്യം ചെയ്തിരുന്നെങ്കില്‍ കൃത്യമായ വിവരം ലഭിച്ചേനെ. പ്രതി ആരാണെന്ന് അറിഞ്ഞിട്ടും തെളിവ് നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനിന്നു. തെളിവ് നിയമത്തിന്റെ പ്രാഥമിക കാര്യങ്ങള്‍ പോലും അറിയാത്തെ ഉദ്യോഗസ്ഥനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. സീല്‍ ചെയ്യാതെയാണ് തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയത്. ഇത്രയും വലിയ സംഭവം നടന്നിട്ടും പിറ്റേ ദിവസമാണ് ആ വീട്ടില്‍ പോയത്. എന്നിട്ടാണ് മുഖ്യമന്ത്രി പൊലീസിനെ പ്രശംസിക്കുന്നത്. ഇത് നാടിന് മുഴുവന്‍ അപമാനമാണെന്നും സതീശന്‍ പറഞ്ഞു.