|
ന്യൂഡൽഹി: രാജ്യവ്യാപകമായി പോപുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമായി നടന്ന റെയ്ഡിനു പിന്നാലെ അറസ്റ്റ് ചെയ്തത് 106 പേരെ. എൻഐഎയുടെ നേതൃത്വത്തിലുള്ള ഒന്നിലധികം ഏജൻസികൾ വ്യാഴാഴ്ച പുലർച്ചെ 11 സംസ്ഥാനങ്ങളിൽ നടന്ന റെയ്ഡുകളിൽ ഏറ്റവും കൂടുതൽ അറസ്റ്റ് കേരളത്തിലാണ്- 22 പേർ. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചായിരുന്നു റെയ്ഡ്.
കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഡല്‍ഹി, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. പോപുലർ ഫ്രണ്ട് ചെയർമാൻ ഒഎംഎ സലാം, ഡൽഹി മേധാവി പർവേസ് അഹമ്മദ് എന്നിവരെയും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്ര, കർണാടക- 20 വീതം, തമിഴ്നാട് -10, അസം- 9, ഉത്തർപ്രദേശ്- 8, ആന്ധ്രാപ്രദേശ്- 5, മധ്യപ്രദേശ്- 4, പുതുച്ചേരി, ഡൽഹി- 3 വീതം, രാജസ്ഥാൻ- 2 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. കേരളത്തിൽ ഇന്നു പുലർച്ചെ നടന്ന നാലിനു നടന്ന റെയ്ഡിലാണ് ദേശീയ ചെയർമാൻ ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ, ദേശീയ ജനറൽ സെക്രട്ടറി നാസറുദീൻ എളമരം അടക്കമുള്ള നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തത്.
യുപിയിലെ ബഹ്‌റൈച്ചിൽ എൻഐഎ നടത്തിയ റെയ്ഡിൽ ഒരാളെ അറസ്റ്റ് ചെയ്തു. ജർവാൾ ടൗണിൽ താമസിക്കുന്ന ഖമറുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര എടിഎസ് സംസ്ഥാനത്തുടനീളം പിഎഫ്‌ഐയുമായി ബന്ധമുള്ള 20 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി ലാപ്‌ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തു.
എടിഎസ് ഔറംഗബാദിലെ പിഎഫ്‌ഐ ഓഫീസ് റെയ്ഡിനു ശേഷം സീൽ ചെയ്തു. പിഎഫ്‌ഐയുമായി ബന്ധപ്പെട്ട മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ ലാപ്‌ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഔറംഗാബാദ്, പൂനെ, കോഹ്‌ലാപൂർ, ബീഡ്, പർഭാനി, നന്ദേഡ്, ജൽഗാവ്, ജൽന, മാലേഗാവ്, നവി മുംബൈ, താനെ, മുംബൈ എന്നിവിടങ്ങളിൽ എടിഎസ് റെയ്ഡുകൾ നടത്തി. ഹൈദരാബാദിലെ തെലങ്കാന പി.എഫ്.ഐ ഹെഡ് ഓഫീസ് സീൽ ചെയ്തു. നേരത്തെ എൻഐഎ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദിലെ ചന്ദ്രയങ്കുട്ടയിലുള്ള തെലങ്കാന പിഎഫ്‌ഐ ഹെഡ് ഓഫീസ് എൻഐഎ സീൽ ചെയ്തത്.
സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് ഐപിസി, യുഎപിഎ എന്നിവയുടെ വിവിധ വകുപ്പുകളിലായി മുംബൈ, നാസിക്, ഔറംഗബാദ്, നന്ദേഡ് എന്നിവിടങ്ങളിൽ നാല് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബെംഗളൂരുവിലെ ഓഫീസുകളിലും എൻഐഎ റെയ്ഡ് നടത്തി. പിഎഫ്‌ഐ സംസ്ഥാന ഓഫീസ്, എസ്‌കെ ഗാർഡൻ, ഫ്രേസർ ടൗണിലെ പിഎഫ്‌ഐ ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പിന്നാലെ ഫ്രേസർ ടൗണിലെ ഓഫീസ് സീൽ ചെയ്തു. ലഖ്നൗവിൽ നിന്ന് രണ്ടു പേരെ എൻഐഎ അറസ്റ്റ് ചെയ്തു.
വാരാണസിയിൽ രണ്ട് പിഎഫ്‌ഐ പ്രവർത്തകരെ എൻഐഎ കസ്റ്റഡിയിലെടുത്തു. എൻഐഎയും എടിഎസും ചേർന്നാണ് വാരണാസിയിൽ റെയ്ഡ് നടത്തിയത്. ഇരുവരുടെയും ചോദ്യം ചെയ്യൽ രഹസ്യകേന്ദ്രത്തിൽ തുടരുകയാണ്.
യുപിയിലെ പിഎഫ്‌ഐയുടെ മുൻ ട്രഷറർ നദീമിനെ ബാരാബങ്കിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിൽ എൻഐഎ നടത്തിയ റെയ്ഡിൽ പിഎഫ്‌ഐ ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു. പിഎഫ്‌ഐയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ എൻഐഎ കണ്ടെടുത്തു. കൊൽക്കത്തയിലെ തിൽജാല പ്രദേശത്തെ ഒരു ഫ്ലാറിൽ നിന്ന് പിഎഫ്‌ഐയുടെ ലഘുലേഖകളും ചില ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തതായി വൃത്തങ്ങൾ അറിയിച്ചു.



