കോഴിക്കോട്: കേരളത്തിൽ ആദ്യമായാണ് എത്തുന്നതെന്ന് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞതായാണ് വിവരം. കേരളത്തെക്കുറിച്ച് കേട്ടറിവു മാത്രമാണ് ഉണ്ടായിരുന്നത്. ട്രെയിനിൽ തീ വെക്കാനുള്ള ആലോചനയും കുറ്റകൃത്യം നടപ്പാക്കിയതും ഒറ്റയ്ക്കാണെന്നും ഷാറൂഖ് സെയ്ഫി പറഞ്ഞു. ആക്രമണം നടത്തിയത് എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയില്ല.
|
തീ വെപ്പിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നുമാണ് പ്രതിയുടെ മൊഴി. സംഭവ ശേഷം റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ ഫ്‌ലാറ്റ് ഫോമിൽ ഒളിച്ചിരുന്നെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
പുലർച്ചയോടെയാണ് രത്‌നഗിരിയിലേക്ക് പോയത്. ജനറൽ കമ്പർട്ട്‌മെന്റിൽ യാത്ര ചെയ്തത് ടിക്കറ്റ് എടുക്കാതെയാണ്. കേരളത്തിൽ എത്തുന്നത് ആദ്യമായാണെന്നും ഷാരൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. അതേസമയം അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘കുബുദ്ധി’ കൊണ്ടെന്നായിരുന്നു പ്രതിയുടെ മറുപടി. എന്നാൽ ഇയാളുടെ ഈ മൊഴി മുഖവിലക്കെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അക്രമം നടത്തിയ ട്രെയിനിൽ തന്നെയാണ് പ്രതി രക്ഷപ്പെട്ടതെന്ന മൊഴി ഗുരുതരമായ കാര്യമാണെന്നും പൊലീസ് പറഞ്ഞു.
ആക്രമണം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ ഉപദേശിച്ചതിനെ തുടർന്നാണ് ഇതിന് വേണ്ടി മുതിർന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഡൽഹിയിൽ നിന്നും മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നു. യാത്രക്കിടെയാണ് ഇയാളെ പരിചയപ്പെട്ടത്. കോഴിക്കോട്ടേക്കുള്ള ജനറൽ ടിക്കറ്റാണ് കൈവശം ഉണ്ടായിരുന്നത്. എന്നാൽ ഏത് സ്റ്റേഷനിലാണ് ഇറങ്ങിയതെന്നറിയില്ല. ട്രെയിൻ ഇറങ്ങിയതിന് പിന്നാലെ പമ്പിൽ പോയി മൂന്ന് കുപ്പി പെട്രോൾ വാങ്ങി. തൊട്ടടുത്ത ട്രെയിനിൽ കയറി അക്രമണം നടത്തുകയായിരുന്നു. പെട്രോൾ ഒഴിച്ച ശേഷം കയ്യിൽ കരുതിയ ലൈറ്റർ കൊണ്ട് കത്തിച്ചുവെന്നും പ്രതി പറഞ്ഞതായാണ് റിപ്പോർട്ട്.
അതേസമയം ഷാറൂഖ് സെയ്ഫിയുടെ മൊഴി പലതും കളവാണെന്നാണ് പൊലീസിന്റെ നിഗമനം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഒന്നാം പ്ലാറ്റ്ഫോമിൽ പൊലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നുവെന്ന് സെയ്ഫി പറഞ്ഞു. ഇതേത്തുടർന്ന് താൻ ഒളിച്ചിരുന്നു. കണ്മൂരിൽ നിന്നും രക്ഷപ്പെട്ടത് മരുസാഗർ എക്സ്പ്രസിലാണ്. ടിക്കറ്റെടുക്കാതെ ട്രെയിനിൽ ജനറൽ കംപാർട്ടുമെന്റിലാണ് രത്നഗിരിയിലേക്ക് പോയതെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം.
ജനറൽ കംപാർട്ട്മെന്റിൽ മുഖം മറച്ചാണ് ഇരുന്നത്. മറ്റു യാത്രക്കാർ ശ്രദ്ധിച്ചപ്പോൾ മറ്റു ബോഗികളിലേക്ക് മാറി യാത്ര തുടർന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ട്രാക്കിൽ നിന്നും കണ്ടെടുത്ത ബാഗിലുണ്ടായിരുന്ന ബുക്കിൽ എഴുതിയിരുന്നത് ലക്ഷ്യമിട്ട റെയിൽവേ സ്റ്റേഷനുകളെപ്പറ്റിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തത വരികയുള്ളൂവെന്ന് എഡിജിപി അജിത് കുമാർ പറഞ്ഞു.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നും ഇന്നു പുലർച്ചെയോടെയാണ് പ്രതി ഷാറൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചത്. തുടർന്ന് മാലൂർകുന്ന് പൊലീസ് ക്യാംപിലെത്തിച്ചു. ഇവിടെ വെച്ച് പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി എഡിജിപി എം ആർ അജിത് കുമാർ, ഐജി നീരജ് ഗുപ്ത, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ക്യാംപിലെത്തിയിട്ടുണ്ട്.





