പണം വാങ്ങിയ ശേഷം ലൈംഗികബന്ധത്തിന് വിസമ്മതിച്ച ട്രാന്‍സ്ജന്‍ഡര്‍ വനിതയെ കൊന്ന് രാജ്യംവിടാന്‍ ശ്രമിച്ച വിദേശി പിടിയില്‍. തായ്‌ലാന്‍ഡിലെ പട്ടായയിലെത്തിയ 42കാരനായ ചൈനീസ് പൗരനാണ് 25 വയസ്സുള്ള ട്രാന്‍സ്ജന്‍ഡര്‍ വനിതയെ കൊന്നത്. മൃതദേഹത്തിന്റെ കഴുത്തുമുതല്‍ ജനനേന്ദ്രിയം വരെയുള്ള ഭാഗം ഇയാള്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
|
സുവര്‍ണഭൂമി വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഹുബൈ പ്രവിശ്യയില്‍ വെല്‍ഡറായി ജോലി ചെയ്യുന്ന ഫു ടോങ് യുവന്‍ ആണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇതു മൂന്നാം തവണയാണ് താന്‍ തായ്‌ലാന്‍ഡ് സന്ദര്‍ശിക്കുന്നതെന്നും ഈ തവണ വന്നപ്പോഴാണ് ട്രാന്‍സ്ജന്‍ഡര്‍ യുവതിയെ പരിചയപ്പെട്ടതെന്നും പ്രതി വെളിപ്പെടുത്തി.
ഏപ്രില്‍ 25ന് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തി പ്രതിയെ ഫോണില്‍ വിളിക്കുകയും അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വരികയും ചെയ്തു. തുടര്‍ന്ന് ലൈംഗികബന്ധം വാഗ്ദാനം ചെയ്ത് 8000 ബാത്ത് ട്രാന്‍സ്ജന്‍ഡര്‍ വാങ്ങിയെടുത്തു. എന്നാല്‍ ഇതിനു ശേഷം ട്രാന്‍സ്ജന്‍ഡര്‍ ലൈംഗികബന്ധം നിരസിക്കുകയും ചൈനീസ് പൗരനെ തൊഴിക്കുകയും ചെയ്തു. ഇതോടെ കലി കയറിയ പ്രതി ട്രാന്‍സ്ജന്‍ഡറെ കഴുത്തുഞെരിച്ചുകൊന്നു. മൃതദേഹം കുളിമുറിയിലെത്തിച്ച ശേഷം കഷ്ണങ്ങളായി മുറിച്ചു. ഇരയുടെ ഹൃദയവും ഇയാള്‍ പുറത്തെടുത്തു. തുടര്‍ന്ന് കുളിച്ച ശേഷം മുറിയിലെത്തി ഉറങ്ങി. പിറ്റേദിവസം ചൈനയിലേക്ക് പോവാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.


