|
തിരുവനന്തപുരം: പ്രശസ്ത വിവര്‍ത്തകനും യുക്തിവാദി നേതാവും നിരൂപകനുമായ എം.പി സദാശിവന്‍ (89) അന്തരിച്ചു. (Prominent translator and rationalist leader MP Sadashivan passed away). ദീര്‍ഘകാലം കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിലുള്ള യുക്തിരേഖ മാസികയുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായി വിരമിച്ചയാളാണ്. 1001 രാവുകള്‍, ഡ്രാക്കുള, ഡെകാമെറണ്‍ കഥകള്‍, ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്, ഡോ. BR അംബേദ്കറുടെ സമ്പൂര്‍ണ കൃതികള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാഠി എന്നീ ഭാഷകളില്‍ നിന്നാണ് സദാശിവന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്. കെആര്‍ നാരായണന്‍, എപിജെ അബ്ദുല്‍ കലാം എന്നിവരുടെയുള്‍പ്പെടെ 110 പുസ്തകങ്ങള്‍ ആണ് വിവര്‍ത്തനം ചെയ്തത്. ഭാഷയും പരിഭാഷയും, ഇന്ദ്രജാല സര്‍വ്വസ്വം തുടങ്ങി 13 പുസ്തകങ്ങള്‍ രചിക്കുകയുംചെയ്തു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, അയ്യപ്പപണിക്കര്‍ അവാര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, കന്യാകുമാരി മലയാള അക്ഷരലോകം അവാര്‍ഡ്, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് തുടങ്ങിയ നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.
കൂടുതല്‍ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സദാശിവന്‍ ഇടംനേടി. ഇതിന്റെ പേരില്‍ 2021 ല്‍ ഗിന്നസ് റിക്കാഡിലും ഇടംപിടിച്ചു.
ഭാര്യ: പദ്മജ.മക്കള്‍: ശുഭ, പത്മകുമാര്‍.
മതപരമായ ചടങ്ങുകള്‍ ഇല്ലാതെ ഇന്ന് രാവിലെ 11 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു.
Prominent translator and rationalist leader MP Sadashivan passed away


