ട്രോളിങ് നിരോധനം വരുന്നു; ഞായറാഴ്ച അര്‍ധരാത്രി തുടങ്ങി 52 ദിവസം മത്സ്യബന്ധനം പാടില്ല
|
തിരുവനന്തപുരം: മത്സ്യസമ്പത്ത് നിലനിര്‍ത്താന്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് 51 ദിവസത്തെ അവധിനല്‍കുന്ന ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍വരും. ഒമ്പതിന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന നിരോധനം ജൂലൈ 31 വരെ 52 ദിവസം തുടരും. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം. ഇക്കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും.
അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുംമുമ്പ് കേരളതീരം വിട്ടുപോകാന്‍ കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കും. ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിങ് ബോട്ടുകള്‍ കടലില്‍നിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും.
നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കൂ. കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവയുടെ സേവനം ഉറപ്പാക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും.
ട്രോളിങ് നിരോധനം നടപ്പാക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുമുള്ള ജില്ലാതല അവലോകനയോഗം കഴിഞ്ഞദിവസം നടന്നു. പതിവുപോലെ കൊല്ലം ജില്ലയില്‍ തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഇവിടങ്ങളില്‍ കണ്‍ട്രോള്‍ റൂം ഉണ്ടായിരിക്കും. നിരീക്ഷണത്തിനായി പട്രോളിങ് ബോട്ടുകളും ഉണ്ടാകും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 22 കടല്‍ രക്ഷാപ്രവര്‍ത്തകരുടെ സേവനവും ഏര്‍പ്പെടുത്തും.
ആവശ്യത്തിന് ബോട്ടുകളും മറൈന്‍ ആംബുലന്‍സും ഒരുക്കും. പരമ്പരാഗത വള്ളങ്ങള്‍ക്ക് മീന്‍പിടിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള വള്ളങ്ങളെ നിയന്ത്രിക്കും. തീരത്തെ സുരക്ഷയ്ക്കായി പത്ത് പോലീസ് ഉദ്യോഗസ്ഥരുടെ സേവനംകൂടി ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
trawling ban in Kerala from June 9 to July 31





