വാഷിങ്ടണ്‍: അഫ്ഗാനിസ്താനിലെ ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം തിരികെ നല്‍കിയില്ലെങ്കില്‍ നടപടി വരുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനോട് ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കില്‍ അഫ്ഗാന് മോശം കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് താലിബാന്‍ ഭരണകൂടത്തോടുള്ള ട്രംപിന്റെ ഭീഷണി.
|
നിലവില്‍ ബാഗ്രാം എയര്‍ബേസ് താലിബാന്‍ നിയന്ത്രണത്തിലാണ്. അമേരിക്ക 2021ല്‍ സൈന്യത്തെ പിന്‍വലിച്ചതിനെ തുടര്‍ന്ന് വ്യോമതാവളത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുകയായിരുന്നു. വ്യോമതാവളത്തിന്റെ നിയന്ത്രണം ലഭ്യമായാല്‍ അഫ്ഗാനിസ്താനും ചൈനക്കുമിടയില്‍ തന്ത്രപ്രധാനമായൊരു സ്ഥലം യു.എസിന് ലഭിക്കും. കഴിഞ്ഞ ദിവസം ലണ്ടന്‍ സന്ദര്‍ശനം നടത്തിയപ്പോഴും ട്രംപ് ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു.
ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം ഞങ്ങള്‍ ഏറ്റെടുക്കും. അത് ലോകത്തിലെ ഏറ്റവും വലിയ വ്യോമതാവളങ്ങളില്‍ ഒന്നാണെന്ന് യു.കെ പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മറുമായുള്ള വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഒന്നും വാങ്ങാതെയാണ് ഞങ്ങള്‍ അത് കൊടുത്തത്. ഇപ്പോള്‍ അത് ഞങ്ങള്‍ തിരികെ വാങ്ങാന്‍ പോവുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ട്രംപിന്റെ നീക്കത്തോട് ചൈന എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്താന്റെ ഭാവി അവിടത്തെ ജനങ്ങളുടെ കൈയിലാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. അഫ്ഗാന്‍ ജനതയുടെ പുരോഗതിയില്‍ എല്ലാവരും സൃഷ്ടിപരമായ പങ്ക് ഇക്കാര്യത്തില്‍ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിന്റെ അവകാശവാദങ്ങളില്‍ അഫ്ഗാനിസ്താന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ അഫ്ഗാന്‍ മണ്ണിലെ ഒരിഞ്ച് പോലും വിദേശസൈന്യത്തിനായി വിട്ടുകൊടുക്കില്ലെന്ന് അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖി പറഞ്ഞിരുന്നു. ഈ സന്ദേശം ട്രംപിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.


