15
Feb 2025
Wed
15 Feb 2025 Wed
trump wants us to take over Gaza

ഗസ്സ: ഗസയെ സ്വന്തമാക്കാനുള്ള അമേരിക്കയുടെ മോഹം നടപ്പില്ലെന്ന് പ്രഖ്യാപിച്ച് ഹമാസ്. (Trump wants US to ‘take over’ Gaza) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേത് ഗസയില്‍ പിരിമുറുക്കം സൃഷ്ടിക്കാനുള്ള കുറിപ്പടിയാണെന്ന് ഹമാസ് പ്രതികരിച്ചു. ഗസയിലെ ജനങ്ങളെ അയല്‍ രാജ്യത്തേക്ക് മാറ്റുമെന്ന ട്രംപിന്റെ ഭീഷണി ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ശക്തമായ പ്രതികരണവുമായി ഹമാസ് രംഗത്തെത്തിയത്. ”മേഖലയില്‍ കുഴപ്പങ്ങളും പിരിമുറുക്കങ്ങളും സൃഷ്ടിക്കുന്നതിനുള്ള കുറിപ്പടിയായി ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നു. ഈ നീക്കം നടപ്പാക്കാന്‍ ഗസയിലെ നമ്മുടെ ജനത അനുവദിക്കില്ല” -പ്രസ്താവനയില്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”നമ്മുടെ ജനങ്ങള്‍ക്കെതിരായ അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കുകയല്ല. ഗസന്‍ ജനത 15 മാസത്തിലേറെയായി ബോംബാക്രമണത്തിന് വിധേയമാവുകയാണ്. അവര്‍ അവരുടെ നാട്ടില്‍ വേരൂന്നിയവരാണ്. അവരെ മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല’ -ഹമാസ് വ്യക്തമാക്കി.

ജനങ്ങളെ ഒഴിപ്പിച്ച ശേഷം ഗസയെ അമേരിക്ക സ്വന്തമാക്കുകയും അവശിഷ്ടങ്ങള്‍ നീക്കി സ്ഥലം നിരപ്പാക്കുകയും ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്ക സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിവാദ പ്രസ്താവന.

ALSO READ: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി; അവരെ ഗ്വാണ്ടനാമോയിൽ അടക്കും; ജയിൽ വിപുലീകരിക്കാന്‍ ട്രംപിന്റെ ഉത്തരവ്

‘ഗസാ മുനമ്പ് യു.എസ് ഏറ്റെടുക്കും, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യും’ എന്ന് പറഞ്ഞ ട്രംപ് ഗസക്കാര്‍ ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്നും അവരെ ജോര്‍ഡനും ഈജിപ്തും ഏറ്റെടുക്കണമെന്നും ആവര്‍ത്തിച്ചു.

”ഞങ്ങള്‍ ഗസ സ്വന്തമാക്കും. സ്ഥലത്തെ എല്ലാ അപകടകരമായ പൊട്ടാത്ത ബോംബുകളും മറ്റ് ആയുധങ്ങളും നീക്കും. സ്ഥലം നിരപ്പാക്കുന്നതിനും തകര്‍ന്ന കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കും. പ്രദേശത്തെ ജനങ്ങള്‍ക്ക് പരിധിയില്ലാത്ത തൊഴിലവസരങ്ങളും വീടുകളും നിര്‍മിച്ചു നല്‍കുന്ന സാമ്പത്തിക വികസനം യുഎസ് സൃഷ്ടിക്കും’ -ട്രംപ് പറഞ്ഞു.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗസയെ വാസയോഗ്യമല്ലാതാക്കിയെന്നും മേഖലയില്‍ നിന്ന് ഫലസ്തീന്‍ ജനത ഒഴിഞ്ഞ് പോകണമെന്നും ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

എല്ലാ ഫലസ്തീനികളെയും മാറ്റിപ്പാര്‍പ്പിച്ചാല്‍ ഗസയില്‍ ആരൊക്കെ താമസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന്, ”ലോകത്തിലെ ഏത് രാജ്യത്തുള്ള ജനങ്ങള്‍ക്കും ഗസയില്‍ താമസിക്കാന്‍ കഴിയുമെന്ന് താന്‍ സങ്കല്‍പ്പിക്കുന്നു” എന്നായിരുന്നു ട്രംപിന്റെ മറുപടി.

”ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രതിനിധികള്‍ അവിടെ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു, അവര്‍ അവിടെ താമസിക്കും. ഫലസ്തീനികളും അവിടെ താമസിക്കും. നിരവധി ആളുകള്‍ അവിടെ താമസിക്കും. ഫലസ്തീനികളെ അയല്‍ രാജ്യങ്ങളിലേക്ക് മാറ്റിയാല്‍ അവര്‍ക്ക് സമാധാനത്തോടെ മെച്ചപ്പെട്ട സാഹചര്യത്തില്‍ അവിടങ്ങളില്‍ (ഈജിപ്തിലും ജോര്‍ഡനിലും) ജീവിക്കാന്‍ കഴിയും. അവര്‍ ഇപ്പോള്‍ നരകത്തിലാണ് ജീവിക്കുന്നത്. ആ ആളുകള്‍ക്ക് അവിടെ സമാധാനത്തോടെ ജീവിക്കാന്‍ കഴിയും” -അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ച ജോര്‍ഡന്‍ രാജാവ് വൈറ്റ് ഹൗസില്‍ എത്താനിരിക്കെയാണ് ട്രംപിന്റെ നിര്‍ദേശം. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കാരാറിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

അതേസമയം, ഇസ്രായേലിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ സുഹൃത്താണ് ട്രംപെന്ന് നെതന്യാഹു പ്രതികരിച്ചു. ട്രംപിന്റെ നേതൃപാടവത്തെ പ്രശംസിച്ച നെതന്യാഹു, ശ്രദ്ധിക്കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ട് വെച്ചതെന്നും ഇത് ചരിത്രമാകുമെന്നും വ്യക്തമാക്കി.