27
Apr 2023
Tue
27 Apr 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കനത്തമഴയിലും കാറ്റിലും മരണം രണ്ടായി. കൊട്ടാരക്കരയില്‍ റബര്‍ മരം വീണ് സ്ത്രീ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ലളിതകുമാരി (62) ആണ് മരിച്ചത്. അടൂരില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ നെല്ലിമുകള്‍ സ്വദേശി മനുമോഹന്‍ മരിച്ചു. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞുവീണാണ് നാശനഷ്ടം ഏറെയും. കനത്തമഴയ്ക്ക് പിന്നാലെ അടൂരില്‍ ആലിപ്പഴം വീഴ്ചയും ഉണ്ടായി.

കൊട്ടാരക്കരയില്‍ കനത്തമഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാറ്റത്ത് പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്നു. പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളില്‍ മരം വീണു.ഏനാക്ക് വീടിന്റെ മേല്‍ക്കൂര പറന്നുപോയി. കൊട്ടാരക്കര പ്രസ് സെന്ററിന്റെ മേല്‍ക്കൂര പറന്നുപോയി.

കൊട്ടാരക്കരയില്‍ മഴ കഴിഞ്ഞ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ രണ്ട് റബര്‍ മരങ്ങള്‍ കടപുഴകി വീഴുകയായിരുന്നു. ഇതിനിടയില്‍പ്പെട്ട ലളിതകുമാരിയെ ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചൂരക്കോട് കളത്തട്ട് ജംക്ഷനിലുണ്ടായ അപകടത്തിലാണ് മനുമോഹന്‍ മരിച്ചത്. സ്‌കൂട്ടറില്‍ പോവുകയായിരുന്നു മനുവിന്റെ ദേഹത്ത് മരം വീഴുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. ഈ പ്രദേശത്തെ ഗതാഗതം തടസപ്പെട്ട നിലയിലാണ്.

വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.