16
Oct 2024
Thu
16 Oct 2024 Thu
Two suspects in Bahraich Violence shot by UP Police

യുപിയിൽ ദുർ​ഗാ പൂജ ഘോഷയാത്ര കടന്നുപോവുന്നതിനിടെ മുസ് ലിമിൻ്റെ വീടിന് മുകളിൽ കെട്ടിയിരുന്ന പച്ചപ്പതാക അഴിച്ച് കാവിക്കൊടി കെട്ടിയ സംഘപരിവാര പ്രവർത്തകൻ ​ഗോപാൽ മിശ്ര വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരെ വെടിവച്ചുവീഴ്ത്തിയതായി പോലീസ്. അതിർത്തി വഴി നേപാളിലേക്കു കടക്കാൻ ശ്രമിച്ച സലിം, അബ്​​ദുർ റഹ്മാൻ എന്നിവരെയാണ് പിടിച്ചതെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദേശത്ത് സംഘർഷമുണ്ടായതിനു പിന്നാലെ കാണാതായ ഇരുവരെയും ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്തുടരുകയായിരുന്നുവെന്നും കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഇതോടെ വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് പോലീസ് സൂപ്രണ്ട് പ്രശാന്ത് കുമാർ മാധ്യമങ്ങളോടു പറഞ്ഞു. വെടിയേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.

ഞായറാഴ്ചയാണ് ബഹ്‌റായിച്ചിലെ മഹാരാജ് ഗഞ്ജിലെ ദുർഗാ പൂജ ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായത്. ദുർഗാ പൂജ ഘോഷ യാത്ര കടന്നു പോകുന്നതിനിടെ മസ്ജിദിന് മുന്നിൽ ഉച്ചത്തിൽ മ്യൂസിക് വച്ചത് വാക്കുതർക്കത്തിനിടയാക്കിരുന്നു. പ്രാർത്ഥനയ്ക്ക് തടസ്സം സൃഷ്ടിച്ച ഈ നടപടി വിശ്വാസികൾ ചോദ്യം ചെയ്തതോടെ സംഘർഷമായി. ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും ഏറ്റുമുട്ടുകയും ചെയ്തു.

സംഘർഷത്തിനിടയിലാണ് മിശ്ര ഒരു വീടിന് മുകളിൽ കയറി പച്ചപ്പതാക വലിച്ചു താഴെയിടുകയും കാവിക്കൊടി നാട്ടുകയുമായിരുന്നു. കൊടി നീക്കാനുള്ള ശ്രമത്തിനിടെ വീടിന്റെ ടെറസിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണിരുന്നു. താഴെ നിൽക്കുന്നവർ ഈ സമയം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രോൽസാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇതു വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ഈ സംഘർഷത്തിനിടെയാണ് ഗോപാൽ മിശ്രയ്ക്ക് വെടിയേറ്റത്. ഒരു വീടിനകത്ത് വച്ചാണ് മിശ്രയ്ക്ക് വെടിയേറ്റതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തത്. ഗോപാൽ മിശ്രയുടെ സംസ്‌കാര ചടങ്ങിനിടെയും ബഹ്‌റായിച്ച് പ്രദേശത്ത് സംഘർഷമുണ്ടായി. നിരവധി വാഹനങ്ങളും ഒരു ആശുപത്രിയും അക്രമികൾ അഗ്നിക്കിരയാക്കി.

READ ALSO: വീടിന് മുകളില്‍ കെട്ടിയ പച്ചപ്പതാക അഴിച്ച് കാവിക്കൊടി കെട്ടി; സംഘര്‍ഷത്തിനിടെ യുവാവ് വെടിയേറ്റു മരിച്ചു; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്