തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാം വാർഷിക ദിനമായ ഇന്ന് സെക്രട്ടറിയേറ്റ് വളയൽ സമരത്തിന് യുഡിഎഫ്. രാവിലെ ഏഴ് മണിയോടെ പ്രതിഷേധ സമരം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രവർത്തകരാണ് ആദ്യം പ്രധാന ഗേറ്റുകൾ ഉപരോധിക്കുന്നത്. പത്ത് മണിയോടെ സെക്രട്ടറിയേറ്റ് പൂർണമായും വളയും. നികുതി വർധന, കാർഷിക പ്രശ്‌നങ്ങൾ, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സർക്കാരിൻറെ ദൂർത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളിൽ ഉൾപ്പടെ സർക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും.
|
സർക്കാരിൻറെ വാർഷിക ദിനത്തിൽ രാപ്പകൽ സമരവുമായിട്ടാണ് ബിജെപി രംഗത്തിറങ്ങുന്നത്. തിരുവനന്തപുരം പാളയം രക്കസാക്ഷി മണ്ഡപത്തിൽ സമരം തുടങ്ങി. അഴിമതിയും ഭരണത്തകർച്ചയും ആരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധങ്ങളുടെയും സർക്കാരിന്റെ രണ്ടാം വാർഷിക ആഷോഘങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ന് നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.
അതേസമയം, രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സർക്കാർ നടത്തുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയിൽ സർക്കാരിൻറെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കും. നൂറുദിന കർമ്മ പരിപാടിയിലും പ്രകടനപത്രികയിലും പ്രഖ്യാപിച്ച പദ്ധതികളുടെ പൂർത്തീകരണം മുഖ്യമന്ത്രി വിശദീകരിക്കും. അടുത്തവർഷത്തേക്കുള്ള കർമ്മപദ്ധതിയും ഇന്ന് പ്രഖ്യാപിക്കും.





