|
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച SDPI യുടെ നടപടി നിരസിക്കാൻ UDF ധാരണ. ഇത് സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിലപാട് വ്യക്തമാക്കും. എസ് ഡി പി ഐ പിന്തുണ ബി ജെ പിയും എൽ ഡി എഫും ആയുധമാക്കിയ പശ്ചാത്തലത്തിലാണ് നീക്കം.
കേരളത്തിൽ എല്ലാ യുഡിഎഫ് സ്ഥാനാർഥികൾക്കും പിന്തുണ നൽകും എന്നായിരുന്നു എസ്ഡിപിഐ പ്രഖ്യാപനം. എന്നാല് ഇത് രാഹുൽ ഗാന്ധിക്ക് ഉൾപ്പെടെയുള്ള പിന്തുണ ആയി വ്യാഖ്യാനിക്കപ്പെട്ടതോടെ ദേശീയ തലത്തിൽ ബിജെപി വലിയ വിവാദം ആക്കിയിരുന്നു.
തങ്ങളോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് എസ് ഡി പി ഐ നിലപാട് വ്യക്തമാക്കിയതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. നിലവിൽ സംസ്ഥാനത്ത് യു ഡി എഫിന് അനുകൂല സാഹചര്യമാണുള്ളതെന്നും ഇപ്പോഴത്തെ വിവാദങ്ങൾ തിരിച്ചടിക്ക് കാരണമാകുമെന്നും നേതൃത്വം വിലയിരുത്തി.
. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പത്രിക സമർപ്പണത്തിനെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എ ഐ സി സി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല യു ഡി എഫ് കൺവീനർ എം എം ഹസൻ, മുസ്ലീം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ കൂടിയാലോചന നടത്തിയിരുന്നു.
എസ് ഡി പി ഐ പോലുള്ള സംഘടനകളുടെ പിന്തുണ സ്വീകരിക്കുന്നത് സാഹചര്യം പ്രതികൂലമാക്കും എന്ന് തന്നെയാണ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്. വ്യക്തികൾ എന്ന നിലയ്ക്ക് വോട്ട് ചെയ്യുന്നത് പ്രശ്നമില്ല മറിച്ച് സംഘടനയുടെ പിന്തുണ വേണ്ട എന്ന് പരസ്യമായി പ്രഖ്യാപിക്കാനാണ് യു ഡി എഫിൽ ആലോചന.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കഴിഞ്ഞ ദിവസമാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വ്യക്തമാക്കിയത്. ഇത്തവണ മത്സരത്തിനില്ലെന്നും വർത്തമാന ഇന്ത്യൻ സാഹചര്യം വിലയിരുത്തിയാണ് യു ഡി എഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.





