സനാതന ധര്‍മത്തെ നശിപ്പിച്ചാല്‍ തൊട്ടുകൂടായ്മ ഇല്ലാതാകും; സനാതന ധര്‍മത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിന്‍
|
ചെന്നൈ: സംഘ്പരിവാരിന്റെ എതിര്‍പ്പ് വകവയ്ക്കാതെ സനാതന ധര്‍മത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മത്തെ നശിപ്പിച്ചാല്‍ തൊട്ടുകൂടായ്മ ഇല്ലാതാകുമെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടെന്നും പലരും ഇതിനെക്കുറിച്ച് തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ ആര്‍.എന്‍ രവി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഉദയനിധി. കഴിഞ്ഞയാഴ്ച തഞ്ചാവൂരില്‍ തമിഴ് സേവാ സംഘം നടത്തിയ സാംസ്‌കാരിക പരിപാടിയില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതിയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക വിവേചനത്തെക്കുറിച്ച് ഗവര്‍ണര്‍ രവി വിശദമായി സംസാരിച്ചിരുന്നു. സനാതന ധര്‍മ്മത്തെ വേരോടെ പിഴുതെറിയുന്നത് മാനവികതയും മാനുഷിക സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും ഉദയനിധി പറഞ്ഞു.
തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് നേരത്തെ സനാതന ധര്‍മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി സ്റ്റാലിന്‍ താരതമ്യം ചെയ്തത്. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു.’ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. നമ്മള്‍ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്,’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.





