|
മലപ്പുറം: ലോകകപ്പ് നേടിയ ഇന്ത്യന്‍ കൗമാര വനിത ടീമിനൊപ്പം ഒരു മലയാളി പെണ്‍കുട്ടിയുണ്ട്. മലപ്പുറം തിരൂരിലെ സി.എം.സി നജ്‌ല. പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിലെ റിസര്‍വ് അംഗമായിരുന്നു. ലോകകപ്പില്‍ കളിക്കാനായില്ലെങ്കിലും തന്റെ ദിനങ്ങള്‍ വരുന്നതേയുള്ളൂവെന്ന് നജ്‌ല വിശ്വസിക്കുന്നു.
ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് നജ്‌ല പറഞ്ഞു. ”അഭിമാനകരമാണ്. കളിക്കാന്‍ ഇറങ്ങിയില്ലെങ്കിലും കളി നടക്കുന്ന സമയത്തെല്ലാം ടീമിനൊപ്പം ഉണ്ടായിരുന്നു. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടംകണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം” നജ്‌ല പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന പരമ്പരയില്‍ നജ്‌ല കളിച്ചിരുന്നു. ആറുമത്സര പരമ്പര ഇന്ത്യ 4-0ന് ജയിച്ചു. രണ്ട് കളി മഴ കൊണ്ടുപോയി. ഈ പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് നജ്‌ല കളിച്ചത്. ഒരു കളിയില്‍ മൂന്ന് ഓവറില്‍ നാല് റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. രണ്ടാമത്തെ കളിയില്‍ രണ്ട് ഓവറില്‍ അഞ്ച് റണ്‍ വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് കിട്ടിയില്ല. ഈ പരമ്പരയ്ക്കുശേഷമാണ് ടീമിനൊപ്പം ചേര്‍ന്നത്.
അണ്ടര്‍ 19 ചലഞ്ചര്‍ ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ഡി ടീമിന്റെ ക്യാപ്റ്റനായതോടെയാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. അണ്ടര്‍ 16 വിഭാഗത്തില്‍ രണ്ടുതവണ കേരളത്തെ നയിച്ചിട്ടുണ്ട്.
അഞ്ചുവര്‍ഷമായി വയനാട് ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. അണ്ടര്‍ 16, 19 കേരള ടീമിന്റെയും ക്യാപ്റ്റനായിരുന്നു. ഓള്‍ റൗണ്ടറാണെങ്കിലും സ്പിന്‍ ബൗളിങ്ങിലാണ് മികവ്. തിരൂര്‍ മുറിവഴിക്കല്‍ സി.എം.സി നൗഷാദിന്റെയും കെ.വി മുംതാസിന്റെയും മകളാണ്. ബത്തേരി സെന്റ് മേരീസ് കോളേജിലെ ബിരുദ വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: സൈദ് മുഹമ്മദ്, നൗഫീല.



