21
Sep 2023
Thu
21 Sep 2023 Thu

ഇന്ത്യയെ കൈവിട്ട് യു.എസ്; കാനഡയുടെ അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ആവശ്യം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണ്‍: ഖലിസ്ഥാന്‍ അനുകൂലിയായ ഹര്‍ദീപ് സിങ്ങ് നജ്ജറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യയെ കൈവിട്ട് യു.എസ്. കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഗുരുതരമെന്നും കാനഡയുടെ അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്നും യു.എസ് നിലപാടെടുത്തു. ഏത് അന്വേഷണവുമായും സഹകരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അഭ്യര്‍ത്ഥിക്കുന്നതായും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി ബുധനാഴ്ച പറഞ്ഞു.

യുഎസ് പ്രസിജഡന്റ് അടക്കം വിഷയത്തെ ഗൗരവമായി കാണുന്നുണ്ട്. സുതാര്യമായതും സമഗ്രമായതുമായ അന്വേഷണമാണ് വേണ്ടത്. സംഭവിച്ച എല്ലാ കാര്യങ്ങളും പുറത്തുവരേണ്ടതുണ്ട്. അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്നും ഒരു അഭിമുഖത്തില്‍ വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.

നിലവില്‍ കാനഡ വിഷയത്തില്‍ അന്വേഷണം നടത്തുകയാണെന്നും അതിനാല്‍ തന്നെ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കാനഡയിലെ ജനങ്ങള്‍ക്ക് അറിയണമെന്നും, ഇരു രാജ്യങ്ങളുമായും ബന്ധപ്പെട്ട ആശയവിനിമയം നടത്തുന്നുണ്ടെന്നും കിര്‍ബി വ്യക്തമാക്കി.

കഴിഞ്ഞദിവസം നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നത്. ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിഥികളെ പുറത്താക്കുകയും ചെയ്തിരുന്നു.

ഇന്ത്യ 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണ്‍ 18നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കാനഡയ്ക്ക് സാധിച്ചിരുന്നില്ല. ഇന്ത്യയാണ് ഇതിന് പിന്നില്‍ എന്നാരോപിച്ച് ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഏജന്റുമാരാണ് ആക്രമണം നടത്തിയത് എന്ന് ആരോപണവുമായി ട്രൂഡോ രംഗത്തുവന്നത്.

ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിന് വേണ്ടി നിജ്ജാര്‍ കാനഡയില്‍ ഇരുന്ന് പദ്ധതിയിടുന്നതായി 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2021ല്‍ പഞ്ചാബിലെ ജലന്ധറില്‍ ഒരു സന്യാസിയെ കൊലപ്പെടുത്തിയ കേസിലാണ് എന്‍ഐഎ നിജ്ജാറിന്റെ തലയ്ക്ക് പാരതോഷികം പ്രഖ്യാപിച്ചത്.