രാജ്യത്ത് ആദ്യമായി നൈട്രജന്‍ വാതകം ശ്വസിപ്പിച്ച് കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി യുഎസ്. യുഎസിലെ അലബാമയിലാണ് കെന്നത്ത് യൂജന്‍ സ്മിത് എന്ന കുറ്റവാളിയെ നൈട്രജന്‍ വാതകം ശ്വസിപ്പിച്ചു കൊന്നത്. ഹോള്‍മാന്‍ ജയിലിലാണ് ഇത്തരം വധശിക്ഷ നടപ്പാക്കിയത്. ഒകലഹോമ, മിസ്സിസ്സിപ്പി, അലബാമ എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ് നൈട്രജന്‍ വാതകം ശ്വസിപ്പിച്ചു വധശിക്ഷ നടപ്പാക്കാനുള്ള അനുമതിയുള്ളത്.
|
കുറ്റവാളിയെ കിടക്കയുമായി ബന്ധിപ്പിക്കുകയും മുഖത്തു മാസ്ക് ധരിപ്പിച്ച ശേഷം ഇതിലൂടെ നൈട്രജന്‍ വാതകം കടത്തിവിട്ട് ശ്വസിപ്പിച്ച് മരണം ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്. 22 മിനിറ്റ് എടുത്താണ് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കിയത്. നിരവധി സമയം സ്മിത്തിനെ ബോധാവസ്ഥയില്‍ കണ്ടതോടെയാണ് വധശിക്ഷാ നടപടി ഇത്ര സമയം നീണ്ടതെന്ന് അധികൃതര്‍ പറഞ്ഞു.
വധശിക്ഷയ്ക്ക് വിധേയനാവുന്നതിനു മുമ്പ് സ്മിത്ത് തന്നെ അവസാനമായി കാണാനെത്തിയ ഭാര്യയെയും ബന്ധുക്കളെയും അഭിവാദ്യം ചെയ്യുകയും ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നുവെന്ന ആംഗ്യം കാണിക്കുകയും ചെയ്തു. അതേസമയം നൈട്രജന്‍ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷാ നടപടിക്കെതിരേ യുഎസില്‍ വ്യാപക വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സ്മിത്തിന്റേത് വധശിക്ഷാ പരീക്ഷണമായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
1988ല്‍ പാസ്റ്ററുടെ ഭാര്യയെ പാസ്റ്ററില്‍ നിന്നു പണംമേടിച്ച് കൊലപ്പെടുത്തിയ കേസിലാണ് 58കാരനായ കെന്നത്ത് യൂജന്‍ സ്മിത്തിനെ വധിച്ചത്. 2022ല്‍ വിഷം കുത്തിവച്ച് വധിക്കാന്‍ ശ്രമിച്ചെങ്കിലും സ്മിത്തിന്റെ ഞരമ്പ് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത പാസ്റ്റര്‍ ഭാര്യയെ കൊന്ന് ഒരാഴ്ചയ്ക്കു ശേഷം ജീവനൊടുക്കിയിരുന്നു. സ്്മിത്തിനൊപ്പം കൊലയില്‍ പങ്കെടുത്ത ചാള്‍സ് സെന്നത്തിനെ 2010ല്‍ വിഷം കുത്തിവച്ച് വധശിക്ഷയ്ക്ക് വിധേനയാക്കിയിരുന്നു. ഹൈഡ്രജന്‍ സയനൈഡ് വാതകം നല്കി 1999ല്‍ കൊലയാളിയുടെ വധശിക്ഷ യുഎസ് നടപ്പാക്കിയിരുന്നു.


