ഇറാഖിലെ എംബസി ഭാഗികമായി ഒഴിപ്പിക്കാന് നടപടി തുടങ്ങി അമേരിക്ക.(US evacuates personnel from Middle East) യുഎഇ, കുവൈത്ത്, ബഹ്റൈന് എന്നീ രാജ്യങ്ങളിലുള്ള അമേരിക്കന് പ്രതിനിധികളുടെ ബന്ധുക്കളോട് സ്വമേധയാ ഒഴിഞ്ഞു പോകുന്നതിനുള്ള അംഗീകാരവും അമേരിക്ക നല്കി. മേഖലയില് സുരക്ഷാ സ്ഥിതി അനുദിനം വഷളാവുന്നത് പരിഗണിച്ചാണ് നടപടി.
|
മേഖലയിലെ സൈനികോദ്യോസ്ഥരുടെ ആശ്രിതര്ക്ക് ഒഴിഞ്ഞ് പോകാന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് അനുമതി നല്കിയതായി യുഎസ് സെന്ട്രല് കമാന്ഡ് അറിയിച്ചു. മേഖലയിലെ സംഘര്ഷ സ്ഥിതിഗതികള് നിരീക്ഷിച്ചുവരികയാണെന്നും സെന്റ്കോം അറിയിച്ചു.
ബഗ്ദാദ് എംബസിയില് അത്യാവശ്യമില്ലാത്ത ജീവനക്കാരോട് നാട്ടിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള് തന്നെ ചുരുക്കം ജീവനക്കാര് മാത്രമേ ബഗ്ദാദ് എംബസിയിലുള്ളു.
ALSO READ: പടിയൂര് ഇരട്ടക്കൊലക്കേസ് പ്രതി മരിച്ചനിലയില്; മൃതദേഹം കണ്ടെത്തിയത് കേദാര്നാഥില്
മേഖല അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുന്നത് പരിഗണിച്ചാണ് ജീവനക്കാരോട് ഒഴിഞ്ഞു പോകാന് ആവശ്യപ്പെടുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് പറഞ്ഞു. അവരെ അണ്വായും വികസിപ്പാന് അനുവദിക്കില്ലെന്നും ഇറാനെ സൂചിപ്പിച്ച് കൊണ്ട് ട്രംപ് കൂട്ടിച്ചേര്ത്തു. ഇറാനെതിരേ ഇസ്രായേലും അമേരിക്കയും പടയൊരുക്കം നടത്തുന്നതായാണ് ലഭിക്കുന്ന സൂചനകള്.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട യുഎസ്-ഇറാന് ചര്ച്ച ഈയിടെ വഴിമുട്ടിയിരുന്നു. ഇറാനെതിരേ ആക്രമണം നടത്തുന്നതിന് ഇസ്രായേല് പൂര്ണ സജ്ജമായതായും തിരിച്ചടിയായി ഇറാഖിലെ അമേരിക്കന് കേന്ദ്രങ്ങള് ഇറാന് ആക്രമിക്കാന് സാധ്യതയുണ്ടെന്നും യുഎസ് വാര്ത്താ ഏജന്സിയായ സിബിഎസ് റിപോര്ട്ട് ചെയ്തു.


