തെല്‍ അവീവ്: ഗസാ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഇസ്രായേല്‍ അംഗീകരിച്ചതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. (US says Israel accepts peace deal proposals; Hamas maintains its previous position) ഇനി പന്ത് ഹമാസിന്റെ കോര്‍ട്ടിലാണെന്നും ബ്ലിങ്കന്‍ പറഞ്ഞു. എന്നാല്‍, പഴയ കരാര്‍ നടപ്പില്‍ വരുത്തുകയാണ് വേണ്ടതെന്ന് ഹമാസ് പ്രതികരിച്ചു.
|
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി പ്രതീക്ഷാ നിര്‍ഭരമായ ഒരു കൂടിക്കാഴ്ച്ചയാണ് നടന്നതെന്ന് ബ്ലിങ്കന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച്ച ദോഹയില്‍ നടന്ന ചര്‍ച്ചകളിലെ ഭിന്നതകള്‍ പരിഹരിക്കും വിധത്തിലുള്ള നിര്‍ദേശങ്ങള്‍ അമേരിക്ക മുന്നോട്ട് വച്ചതായും ഇത് ഇസ്രായേല്‍ അംഗീകരിച്ചതായും ബ്ലിങ്കന്‍ അവകാശപ്പെട്ടു. ഇസ്രായേലിലെ രാഷ്ട്രീയ, സൈനിക നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം നെതന്യാഹുവും സ്ഥിരീകരിച്ചു.
ഹമാസ് അനുകൂലമായി പ്രതികരിക്കുക എന്നതാണ് അടുത്ത ചുവട്. അതിന് ശേഷം വരും ദിവസങ്ങളില്‍ എല്ലാവരും കൂടിയിരുന്ന് ഭാവി പരിപാടികളില്‍ തീരുമാനമെടുക്കുമെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ ചര്‍ച്ചകള്‍ കെയ്‌റോയില്‍ നടക്കുമെന്നാണ് സൂചന.
എന്നാല്‍, അമേരിക്കയുടെ പുതിയ ശുപാര്‍ശകളില്‍ അവ്യക്തതകളുണ്ടെന്ന് ഹമാസ് വക്താവ് ഉസാമ ഹംദാന്‍ പ്രതികരിച്ചു. നേരത്തേ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ട് വയ്ക്കുകയും തങ്ങള്‍ അംഗീകരിക്കുകയും ചെയ്ത ശുപാര്‍ശകളല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 2ന് ഞങ്ങള്‍ സമാധാന ചര്‍ച്ചയ്ക്കുള്ള വ്യക്തമായ റൂട്ട് മാപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്. പുതിയ നിര്‍ദേശങ്ങളോ ചര്‍ച്ചയോ അതില്‍ ആവശ്യമില്ല. അന്ന് പറഞ്ഞ കാര്യങ്ങള്‍ അംഗീകരിച്ചു മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും ഹംദാന്‍ വ്യക്തമാക്കി.
യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുകയും ഇസ്രായേലി സൈന്യം പിന്മാറുകയും ചെയ്യുന്ന രീതിയിലുള്ള സമാധാന കരാര്‍ മാത്രമേ അംഗീകരിക്കൂ എന്ന നിലപാടിലാണ് ഹമാസ്.
ഗസയെ തെക്കും വടക്കുമായി വിഭജിക്കുന്ന നെത്‌സാരിം ഇടനാഴി, റഫ ക്രോസിങ്, ഈജിപ്ത് അതിര്‍ത്തിയിലുള്ള ഫിലാഡെല്‍ഫി കോറിഡോര്‍ എന്നിവയുടെ നിയന്ത്രണം ഇസ്രായേലി സൈന്യത്തിന് നല്‍കുന്ന രീതിയിലാണ് അമേരിക്ക പുതിയ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപോര്‍ട്ട്. എന്നാല്‍, ഹമാസ് ഇത് അംഗീകരിക്കാന്‍ തയ്യാറല്ല.
ഗസയില്‍ വംശഹത്യ തുടരുന്നതിന് ഇസ്രായേലിന് സമയം നീട്ടി കിട്ടാനുള്ള അടവാണ് യുഎസ് പയറ്റുന്നതെന്നും ഹമാസ് ആരോപിക്കുന്നു.


