ഗുര്‍പത്വന്ത് സിംഗ് പന്നൂനിനെ അമേരിക്കയില്‍വച്ച് കൊല്ലാനുള്ള ശ്രമം യു.എസ് ഏജന്‍സികള്‍ തടഞ്ഞു, പിന്നാലെ ഇന്ത്യക്ക് യു.എസ് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ട്
|
വാഷിങ്ടണ്‍: സിഖ് വിഘടനവാദി നേതാവും ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത ഗുര്‍പത്വന്ത് സിംഗ് പന്നൂനിനെ അമേരിക്കയില്‍വച്ച് കൊല്ലാനുള്ള ശ്രമം യു.എസ് ഏജന്‍സികള്‍ തടഞ്ഞുവെന്നും പിന്നാലെ ഇന്ത്യക്ക് യു.എസ് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ആസ്ഥാനമായുള്ള ദിനപത്രം ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഒന്നിലധികം വാര്‍ത്താശ്രോതസ്സുകളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കെതിരെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ന്യൂയോര്‍ക്ക് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചെന്നും പറയുന്നു.
റിപ്പോര്‍ട്ടിനോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ അമേരിക്കന്‍ അധികൃതരോ പ്രതികരിക്കുകയോ ഇക്കാര്യം നിഷേധിക്കുകയോ ചെയ്തിട്ടില്ല. അതേസമയം, എന്ത് തരത്തിലെ ഗൂഢാലോചനയാണെന്നോ അതെങ്ങനെ പരാജയപ്പെട്ടെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ജൂണില്‍ മോദി യു.എസില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിഷയം ഉന്നയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ, ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കാനഡയില്‍ വെടിവച്ച് കൊന്നതിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിള്ളലുകള്‍ വീഴ്ത്തിയിരുന്നു. ഈ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ വെളിപ്പെടിത്തല്‍ വരുന്നത്.
നിജ്ജറുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ പന്നൂന്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിരവധി ഭീഷണി സന്ദേശങ്ങള്‍ മുഴക്കിയിരുന്നു. ഇന്ത്യയില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ അട്ടിമറിക്കുമെന്നാണ് ഇയാള്‍ ഒടുവില്‍ ഭീഷണി മുഴക്കിയത്.


