27
May 2025
Sat
27 May 2025 Sat

തിരുവനന്തപുരം: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (ബികാസ്) നിര്‍ദേശപ്രകാരം വിമാനയാത്രക്കാര്‍ക്കായി വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി. ഇതുപ്രകാരം കേരളത്തിലെ വിമാനത്താവളങ്ങളില്‍ ത്രിതല പരിശോധനയാണ് ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂര്‍ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ത്രിതല സുരക്ഷാ പരിശോധനാ സംവിധാനം നിലവില്‍വന്നു. ദേഹപരിശോധനയും ഐ.ഡി പരിശോധനയും കര്‍ശനമാക്കി. പ്രവേശന സമയത്തും വിമാനത്താവളത്തില്‍ കടന്നശേഷമുള്ള സുരക്ഷാ പരിശോധനകള്‍ക്കു (സെക്യൂരിറ്റി ചെക്ക്) പുറമേ ‘സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക് (എസ്.എല്‍.പി.സി)’ കൂടിയാണ് പുതിയതായി ഏര്‍പ്പെടുത്തിയത്. ബോര്‍ഡിങ് ഗേറ്റിനു സമീപം ഒരിക്കല്‍ കൂടി സുരക്ഷാ പരിശോധനയും നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രക്കാരെയും ക്യാബിന്‍ ബാഗും അടക്കം ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. ഇതിനുശേഷം മാത്രമാണ് വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവമതിയുണ്ടാകുക. എല്ലാ വിമാനത്താവളങ്ങളിലും 100 ശതമാനം സി.സി.ടി.വി കവറേജ് ഉറപ്പാക്കും. വിമാനങ്ങളിലും കേറ്ററിങ് സംവിധാനങ്ങളിലും പരിശോധന നടത്തും. സുരക്ഷ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുന്‍പ് വിമാനത്താവളങ്ങളില്‍ എത്തണമെന്ന് വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മെസേജ് അയച്ചിട്ടുണ്ട്.

അതേസമയം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം ഇറക്കിയിട്ടുണ്ട്. ആഭ്യന്തര വിമാനയാത്രകള്‍ക്കായി വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പും അന്താരാഷ്ട്ര യാത്രകള്‍ക്കായി അഞ്ച് മണിക്കൂര്‍ മുമ്പും എത്തണമെന്നാണ് നിര്‍ദേശം. സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ സമയം പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരുന്നതിനാലാണ് നേരത്തെ എത്തിച്ചേരാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കാനും അവസാന നിമിഷത്തെ തിരക്കും ബുദ്ധിമുട്ടും ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. പുതിയ സാഹചര്യത്തില്‍ യാത്രക്കാര്‍ സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

various guidelines have been issued for air travelers as per the instructions of the Bureau of Civil Aviation Security