28
Mar 2025
Mon
28 Mar 2025 Mon
aurangzeb tomb

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗസേബിന്റെ ശവകുടീരം തകര്‍ക്കാനുള്ള ആസൂത്രണവുമായി സംഘപരിവാരം. (VHP and Bajrang dal against Aurangzeb tomb) ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് സംഘ്പരിവാര്‍ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കില്‍ ബാബരി മസ്ജിദിന്റെ ഗതിവരുമെന്ന് സംഘപരിവാര സംഘടനകള്‍ ഭീഷണി മുഴക്കി. 1992ല്‍ യുപിയിലെ ചരിത്രപ്രാധാന്യമുള്ള ബാബരി മസ്ജിദ് സംഘപരിവാര പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലൂടെ തകര്‍ത്തിരുന്നു.

ഖുല്‍ദാബാദിലെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11.30ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകള്‍ അറിയിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ശവകുടീര പരിസരത്ത് വന്‍ പൊലീസ് സന്നാഹം ഒരുക്കി.

ജില്ലാ കലക്ടര്‍മാരുടെയും തഹസീല്‍ദാര്‍മാരുടെയും ഓഫീസുകള്‍ക്ക് മുന്നിലാവും ഇന്നത്തെ പ്രതിഷേധം. ശവകുടീരം ഉടന്‍ പൊളിക്കണമെന്നും ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് നിവേദനം നല്‍കുമെന്നും വിഎച്ച്പിയും ബജ്രംഗ്ദളും പറഞ്ഞു.

ALSO READ: സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കവെ സൗദിയില്‍ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു

അതുണ്ടായില്ലെങ്കില്‍ വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുമെന്നും റോഡുകള്‍ തടയുമെന്നും കര്‍സേവയിലൂടെ ശവകുടീരം തകര്‍ക്കുമെന്നും ഇരു സംഘടനകളും ഭീഷണിപ്പെടുത്തി.

മുഗള്‍ രാജാവായ ഔറംഗസേബിന്റെ ശവകുടീരം അടിമത്തത്തിന്റെയും അതിക്രമങ്ങളുടെയും കീഴ്‌പ്പെടുത്തലിന്റേയും ഓര്‍മപ്പെടുത്തലാണെന്ന് വിഎച്ച്പി മേഖലാ തലവന്‍ കിഷോര്‍ ചവാന്‍, ബജ്റംഗ്ദള്‍ മേഖലാ കോഡിനേറ്റര്‍ നിതിന്‍ മഹാജന്‍, സന്ദേശ് ഭെഗ്ഡെ എന്നിവര്‍ ആരോപിച്ചു.

സംഘപരിവാര ആവശ്യത്തെ പിന്തുണച്ച് മഹാരാഷ്ട്ര മന്ത്രിയും ഷിന്‍ഡെ വിഭാഗം ശിവസേന നേതാവുമായ സഞ്ജയ് ശിര്‍സത്തും രംഗത്തെത്തി. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാണ് തങ്ങളുടെയും ആവശ്യമെന്ന് ശിര്‍സത്ത് പറഞ്ഞു. എന്തിനാണ് ഔറംഗസേബിന്റെ ശവകുടീരം നിലനിര്‍ത്തുന്നതെന്നും ശിര്‍സത്ത് ചോദിച്ചു.

അതേസമയം, ഹിന്ദുത്വ സംഘടനകളുടെ നീക്കത്തെ വിമര്‍ശിച്ച് എന്‍സിപി (എസ്പി) നേതാവ് ജിതേന്ദ്ര അവാദ് രംഗത്തെത്തി. രാവണനെ പരാമര്‍ശിക്കാതെ രാമായണം വിവരിക്കാന്‍ കഴിയുമോയെന്നും അഫ്സല്‍ ഖാന്‍ ഇല്ലാതെ പ്രതാപ്ഗഡ് യുദ്ധത്തെക്കുറിച്ച് വിവരിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

ഔറംഗസേബിന്റെ ശവകുടീരത്തില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ഖുല്‍ദാബാദിലേക്കുള്ള റോഡുകളില്‍ സ്റ്റേറ്റ് റിസര്‍വ് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു ആസ്മി ഔറംഗസേബിനെ പ്രശംസിച്ചത് അവസരമാക്കിയെടുത്താണ് സംസ്ഥാനത്ത് ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും വിവാദത്തിന് തിരികൊളുത്തിയത്. പരാമര്‍ശത്തെ തുടര്‍ന്ന് മാര്‍ച്ച് 26 വരെ അദ്ദേഹത്തെ നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും പൊതുജനവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒന്നിലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

പതിനേഴാം നൂറ്റാണ്ടിലെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിനെ ക്രൂരനോ സ്വേച്ഛാധിപതിയോ അസഹിഷ്ണുതയുള്ളവനോ ആയ ഒരു ഭരണാധികാരിയായി താന്‍ കാണുന്നില്ലെന്നായിരുന്നു ആസ്മി പറഞ്ഞത്. ഇക്കാലത്ത് സിനിമകളിലൂടെ ഔറംഗസേബിന്റെ വികലമായ പ്രതിച്ഛായ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്‍ നിര്‍മിച്ചു. അദ്ദേഹത്തെ ഒരു ക്രൂരനായ ഭരണാധികാരിയായി ഞാന്‍ കണക്കാക്കുന്നില്ല. കൂടാതെ, ഛത്രപതി സംഭാജി മഹാരാജും ഔറംഗസേബും തമ്മിലുള്ള യുദ്ധം സംസ്ഥാന ഭരണത്തിനായുള്ള പോരാട്ടമായിരുന്നു. അതൊരിക്കലും ഹിന്ദു- മുസ്ലിംം യുദ്ധമായിരുന്നില്ല’- ആസ്മി വിശദമാക്കി. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് നേരത്തെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തെത്തിയിരുന്നു.

പതിനേഴാം നൂറ്റാണ്ടിലെ മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഛാവ എന്ന സിനിമ പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ആസ്മിയുടെ പ്രസ്താവന. ചിത്രത്തില്‍ ഔറംഗസേബിനെ ക്രൂരനായ പ്രതിനായകനാക്കിയായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാല്‍, ചരിത്രത്തെ വികലമാക്കിയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് വലിയ വിമര്‍ശനമുയരുന്നുണ്ട്. ശിവജിയുടെ പിന്‍തലമുറക്കാര്‍ തന്നെ സിനിമക്കെതിരേ രംഗത്തെത്തിയിരുന്നു.