ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ പാര്‍ട്ടി തനിച്ച് മല്‍സരിച്ച് ശക്തി പരീക്ഷിക്കാനൊരുങ്ങുന്നു.(Vijay TVK party to cotest assembly election alone ) സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴര്‍ കക്ഷിയുമായി സഹകരിക്കാന്‍ വിജയ് യുടെ തമിഴക വെട്രി കഴകം ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഒറ്റയ്ക്ക് മല്‍സരിച്ച് ശക്തി അറിയാനാണ് വിജയ്‌യുടെ നീക്കമെന്നാണ് സൂചന.
|
കന്നിയങ്കംകുറിക്കുന്ന തമിഴക വെട്രി കഴകത്തിനും തിരഞ്ഞെടുപ്പുകളില്‍ വോട്ടുവിഹിതം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന നാം തമിഴര്‍ കക്ഷിക്കും 2026 നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. തമിഴകത്ത് ദീര്‍ഘകാലമായി മാറി മാറി ഭരിക്കുന്ന ദ്രാവിഡ പാര്‍ട്ടികള്‍ക്കുള്ള ബദലായാണ് സീമാന്‍ പാര്‍ട്ടി ആരംഭിക്കുന്നത്. വിജയ്യുടെ വരും ഭീഷണി സൃഷ്ടിക്കുക ഡി.എം.കെ.യ്ക്കും അണ്ണാ ഡി.എം.കെ.യ്ക്കുമായിരിക്കും.
സീമാനും വിജയ്യും രഹസ്യചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സഖ്യം സംബന്ധിച്ച അന്തിമപ്രഖ്യാപനം ഉടനുണ്ടാകുമെന്നും പ്രതീക്ഷിച്ചിരിക്കെയാണ് വിജയ്യുടെ പിന്‍മാറ്റം. നിയമസഭാ തിരഞ്ഞെടുപ്പ് തങ്ങളുടെ കന്നിയങ്കമായതിനാല്‍ തനിച്ചു മത്സരിച്ചു ശക്തിയളക്കുകയാണ് വിജയ്യുടെ നീക്കത്തിനു പിന്നിലെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ഒന്നരക്കോടി അംഗങ്ങളെ ചേര്‍ത്ത് പാര്‍ട്ടിയെ വിപുലപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. യുവജനങ്ങളെ കൂടെക്കൂട്ടി പാര്‍ട്ടിയെ വളര്‍ത്താനാണ് വിജയ്യുടെയും നീക്കം. ജന്മദിനത്തോടനുബന്ധിച്ചാണ് വിജയ് തന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. ഇതിനകം തന്നെ ഫാന്‍സ് അസോസിയേഷനുകള്‍ വഴി ലക്ഷക്കണക്കിന് ആളുകള്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തു കഴിഞ്ഞു.
എന്നാല്‍, ആരും സഖ്യത്തിനില്ലെങ്കില്‍ തനിച്ചുനീങ്ങാനാണ് സീമാന്റെ തീരുമാനം. സീമാന്‍ 2010-ലാണ് നാം തമിഴര്‍ കക്ഷി ആരംഭിച്ചത്. മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന യുവജനങ്ങളാണ് സീമാന്റെ കരുത്ത്. പാര്‍ട്ടിയുടെ വോട്ട് ശതമാനം ക്രമേണ വര്‍ധിക്കുന്നത് മറ്റു പാര്‍ട്ടികള്‍ക്ക് ഭീഷണിയാണ്. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ 4.25 ശതമാനം വോട്ടുസ്വന്തമാക്കി. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴുശതമാനമായി ഉയര്‍ന്നു. പലമണ്ഡലങ്ങളിലും പാര്‍ട്ടി മൂന്നാംസ്ഥാനത്തെത്തി. തദ്ദേശതിരഞ്ഞെടുപ്പിലും പലയിടത്തും വിജയംനേടി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ 39-ഉം പുതുച്ചേരിയില്‍ ഒരു സീറ്റിലും മത്സരിച്ചു പത്തുശതമാനത്തില്‍ കൂടുതല്‍ വോട്ടുനേടി.





