02
Jan 2026
Tue
02 Jan 2026 Tue
vizhinham local body election result

Vizhinham local body election result udf won തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് മാറ്റിവെച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറി ജയം. 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ കെഎച്ച് സുധീര്‍ഖാന്റെ വിജയം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഴിഞ്ഞം വാര്‍ഡിലെ വിജയം ഉറപ്പാക്കി സ്വന്തം നിലയില്‍ കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷം തികക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയേറ്റത്. ഒപ്പം സീറ്റ് നിലനിര്‍ത്താന്‍ ഉറച്ച് മത്സരത്തിനിറങ്ങിയ എല്‍ഡിഎഫിനും പരാജയം കനത്ത തിരിച്ചടിയായി.

എല്‍ഡിഎഫ് വിമതന്‍ എന്‍.എ.റഷീദ് 118 വോട്ട് പിടിച്ചതാണ് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി 83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എല്‍ഡിഎഫ് വിമതന് ലഭിച്ച വോട്ടുകളും യുഡിഎഫിന്റെ വിജയത്തില്‍ നിര്‍ണായക വഴിത്തിരിവായി. വിഴിഞ്ഞം വാര്‍ഡിലെ മുന്‍ സിപിഎം കൗണ്‍സിലറായ എന്‍എ റഷീദ് ഇത്തവണ സ്വന്തന്ത്രനായി മത്സരിക്കുകയായിരുന്നു.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കുന്നു; ജനക്കൂട്ടം വളഞ്ഞു; 5 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍

ഏറെ ക്കാലത്തിനുശേഷമാണ് വിഴിഞ്ഞം വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ കക്ഷി നില 20 ആയി ഉയര്‍ന്നു. 2015ലാണ് കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് വിഴിഞ്ഞം സീറ്റ് പിടിച്ചെടുക്കുന്നത്. അതിനുശേഷം ഇപ്പോഴാണ് യുഡിഎഫ് വിഴിഞ്ഞത്ത് വിജയിക്കുന്നത്. ഇന്നലെയാണ് വിഴിഞ്ഞം വാര്‍ഡില്‍ വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ പത്തിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തുമാണ് വിജയം ആഘോഷിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎച്ച് സുധീര്‍ഖാന്‍ 2902 വോട്ടുകള്‍ നേടിയപ്പോള്‍ 2819 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിന്റെ എന്‍എ നൗഷാദിന് നേടാനായത്. ബിജെപി സ്ഥാനാര്‍ത്ഥി സര്‍വശക്തിപുരം ബിനു 2437 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹിസാന്‍ ഹുസൈന്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് മാറ്റിവെച്ച വിഴിഞ്ഞത്ത് വാശിയേറിയ പോരാട്ടമാണ് നടന്നത്. ഇടത്-വലത് വിമതരടക്കം ഒന്‍പതുപേരാണ് ഇവിടെ മത്സരിച്ചത്. വിഴിഞ്ഞത്തെ ജയം തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണത്തിന്റെ മുന്നോട്ടുപോക്കില്‍ നിര്‍ണായകമായിരുന്നു. 50 സീറ്റുകളുള്ള എന്‍ഡിഎക്ക് ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് കേവല ഭൂരിപക്ഷം ഉറപ്പാക്കിയിരിക്കുന്നത്. വിഴിഞ്ഞം കിട്ടിയിരുന്നെങ്കില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കാമായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക