ന്യൂഡല്‍ഹി: വഖഫ് നിയമത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മുസ്ലിംകളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. (Waqf Amendment Bill: Government should not test the patience of Muslims, says Personal Law Board) വഖഫ് സ്വത്തുക്കളില്‍ കൈയേറ്റം നടത്താന്‍ അനുവദിക്കില്ല. വഖഫ് ഭേദഗതി ബില്‍ ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും ഇന്നലെ ഡല്‍ഹിയില്‍ നടന്ന് ബോര്‍ഡിന്റെ ധര്‍ണയില്‍ പങ്കെടുത്ത നേതാക്കള്‍ പ്രഖ്യാപിച്ചു.
|
രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. പാര്‍ലമെന്റില്‍ ബില്‍ എതിര്‍ക്കാന്‍ മതേതര പ്രതിപക്ഷ പാര്‍ട്ടികളോട് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.
ബില്ലില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും മതത്തിന്റെ കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസിസ്റ്റന്റ് സെക്രട്ടറി ഇനാമുര്‍റഹ്‌മാന്‍ പറഞ്ഞു. സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ നിയമ പോരാട്ടം ശക്തിപ്പെടുത്തും.
വ്യക്തി നിയമ ബോര്‍ഡിന്റെയും വിവിധ മുസ്‌ലിം സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.
നിയമം പാസായാല്‍ വഖഫ് സ്വത്തുക്കള്‍ക്കുമേല്‍ സര്‍ക്കാരിന് കടന്നു കയറാന്‍ സാധിക്കും. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുകയെന്നത് സമുദായത്തിന്റെ ഉത്തരവാദിത്തമാണ്. അത് നിര്‍വഹിക്കപ്പെടണമെന്നും പാര്‍ലമെന്റില്‍ ബില്ലിനെ ചെറുത്തുതോല്‍പ്പിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ജനാധിപത്യ രീതിയില്‍ സമരം നടത്തും. കൂടാതെ, നിയമ പോരാട്ടവും നടത്തും. പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാരുമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
അതേസമയം, വഖഫ് ഭേദഗതി ബില്ലടക്കം ചില സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ത്രിഭാഷ വിഷയം, വ്യാജ വോട്ടര്‍ കാര്‍ഡ്, മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷം ഉയര്‍ത്തും. ഈ വിഷയങ്ങളില്‍ പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധം ഉയര്‍ത്തും.





