
വാഷിങ്ടണ്‍: യമനിലെ ഹൂത്തി വിമതര്‍ നടത്തുന്ന ഏതൊരു ആക്രമണത്തിനും ഇറാനെ ഉത്തരവാദിയാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. (Iran will be held responsible for houthi attack: Trump)തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയായിരുന്നു ട്രംപിന്റെ ഭീഷണി.
![]() |
|
യമന്‍ ജനത വെറുക്കുന്ന ഹൂത്തികള്‍ നടത്തുന്ന നൂറുകണക്കിന് ആക്രമണങ്ങള്‍ ഇറാനില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്നും അവരെ ഇറാനാണ് സൃഷ്ടിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. അതിനാല്‍ ഹൂത്തികളുടെ ഭാഗത്തുനിന്നുള്ള ഏതൊരു ആക്രമണത്തേയും ശക്തമായി നേരിടുമെന്ന് പറഞ്ഞ ട്രംപ് ആ ആക്രമണം അവിടെ അവസാനിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും വ്യക്തമാക്കി.
‘ഹൂത്തികള്‍ തൊടുത്തുവിടുന്ന ഓരോ വെടിയുണ്ടയും ഇനി മുതല്‍ ഇറാന്റെ ആയുധങ്ങളില്‍ നിന്നും, നേതൃത്വത്തില്‍ നിന്നുമുള്ള വെടിവയ്പ്പായി കണക്കാക്കും. ഇറാനാണ് അതിന്റെ ഉത്തരവാദി. അനന്തരഫലങ്ങള്‍ അവര്‍ അനുഭവിക്കുക തന്നെ ചെയ്യും, പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കും,’ ട്രംപ് പോസ്റ്റില്‍ കുറിച്ചു.
ഗസയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ പുനരാരംഭിച്ചതിലും ഫലസ്തീനിലേക്കുള്ള മാനുഷിക സഹായങ്ങള്‍ തടഞ്ഞതിലും പ്രതിഷേധിച്ചാണ് ഒരു ഇടവേളയ്ക്ക് ശേഷം ചെങ്കടലില്‍ ഇസ്രായേലി കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം പുനരാരംഭിച്ചത്.
ഹൂത്തികള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാന്‍ ട്രംപ് മുമ്പും ഇറാനില്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും, പുതിയ ഭീഷണി ഇറാനെതിരെ യു.എസിന്റെ സൈനിക നടപടിയുണ്ടാകുമെന്നാണ് സൂചന നല്‍കുന്നത്.
കഴിഞ്ഞ ദിവസം ഇറാനുമായി ആണവ കരാറില്‍ ചര്‍ച്ച നടത്താന്‍ താന്‍ ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇക്ക് താന്‍ കത്ത് അയച്ചതായി വ്യക്തമാക്കിയ ട്രംപ് ഇറാനെ കൈകാര്യം ചെയ്യാനുള്ള പ്രധാന വഴിയാണ് ആണവ കരാറെന്നും പറയുകയുണ്ടായി.
എന്നാല്‍, അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഇറാന്‍ ഖാംനഇ അവര്‍ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. ഇതില്‍ പ്രകോപിതനായ ട്രംപ് ഇറാനെ സൈനികപരമായി നേരിടുമെന്നും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങങ്ങള്‍ക്കിടെ യു.എസ് സേന 47 വ്യോമാക്രമണങ്ങളാണ് യമനില്‍ നടത്തിയത്. ആക്രമണത്തില്‍ ഏഴ് യെമന്‍ പ്രവിശ്യകളിലായി 53 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യമന്‍ തലസ്ഥാനമായ സനയിലും അമേരിക്ക ആക്രമണം ശക്തമാക്കിയിട്ടുണ്ട്.