|
ടെല്‍ അവീവ്: ഹിസ്ബുല്ല പോരാളികളെ ലക്ഷ്യംവച്ച് നടന്ന പേജര്‍, വാക്കിടോക്കി ആക്രമണങ്ങള്‍ക്ക് പിന്നാലെ ലബനീസ്- ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ യു യുദ്ധസമാനം. ഇരുഭാഗത്തുമായി അതിര്‍ത്തിയില്‍ യുദ്ധാന്തരീക്ഷം. ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ഇരുവിഭാഗവും ആക്രമണങ്ങളും നടത്തി. ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ രണ്ടു ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടു. മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനും ട്രെയിനിയുമാണ് കൊല്ലപ്പെട്ടത്. ഒരാള്‍ ഡ്രോണ്‍ ആക്രമണത്തിലും മറ്റൊരാള്‍ മിസൈലാക്രമണത്തിലുമാണ് കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചു.
പുതിയ സാഹചര്യത്തില്‍ ഇരുവിഭാഗവും അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. യുദ്ധത്തില്‍ പുതിയ ഘട്ടം തുടങ്ങുകയാണെന്ന് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ പേജര്‍, വാക്കി ടോക്കി സ്‌ഫോടന പരമ്പരകളെ അപലപിച്ച് ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ല രാജ്യത്തോടു സംസാരിക്കുന്നതിനിടെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങള്‍ നടത്തിയതിലൂടെ ഇസ്‌റാഈല്‍ ഭീകരപ്രവര്‍ത്തനംചെയ്‌തെന്നും അതു യുദ്ധപ്രഖ്യാപനമാണെന്നും ശത്രുക്കള്‍ എല്ലാ പരിധിയും കടന്നുവെന്നും ടെലിവിഷന്‍ പ്രസംഗത്തില്‍ നസ്‌റുല്ല പറഞ്ഞു.
ഗാസയില്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാതെ തങ്ങള്‍ ഇസ്രയേലിനെതിരേ ആയുധം താഴെവയ്ക്കില്ലെന്നും ലെബനനന്റെ നേര്‍ക്ക് നടത്തുന്ന ഓരോ ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഇത് യുദ്ധപ്രഖ്യാപനമാണ്. ലെബനനന്റെ പരാമാധികാരത്തില്‍ കടന്നുകയറി നടത്തിയ സ്‌ഫോടന പരമ്പര രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ കാണാനാകൂ. നിങ്ങള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. കനത്ത തിരിച്ചടി തന്നെ നല്‍കും. ഗാസയില്‍ നിങ്ങള്‍ നടത്തുന്ന ക്രൂരമായ നരവേട്ട അവസാനിപ്പിക്കും വരെ ഞങ്ങള്‍ പിന്തിരിയില്ല” ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പേരെടുത്ത് പരാമര്‍ശിച്ച് നസ്‌റുല്ല പറഞ്ഞു.

ദക്ഷിണ ലെബനനിലെ വ്യത്യസ്ത പ്രദേശങ്ങളിലാണ് ഇസ്രയേല്‍ സൈനിക ജെറ്റുകള്‍ ബോംബ് വര്‍ഷിച്ചത്. സംഭവത്തിലുണ്ടായ ആള്‍നാശത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നാല്‍പ്പതോളം ഇസ്രയേലി ജെറ്റുകളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നു ബെയ്‌റൂട്ടില്‍ നിന്നുള്ള ബിബിസിയുടെ വാര്‍ത്താലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണങ്ങള്‍ക്ക് ഇസ്‌റാഈലിന് തിരിച്ചടി നിര്‍ബന്ധമാണെന്ന് ലബനാന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബ് പറഞ്ഞു.
അതേസമയം പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 37 ആയി. 2,800ലേറെ പേര്‍ക്ക് പരുക്കുണ്ട്. ഇപ്പോഴും ഏതാനും പേര്‍ ഗുരുതരനിലയിലാണ്. പുതിയ സാഹചര്യത്തില്‍ പേജര്‍, വാക്കിടോക്കി അടക്കമുള്ള വയര്‍ലെസ് സംവിധാനങ്ങള്‍ക്ക് ലബനാനില്‍ താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി.
War atmosphere on Lebanon-Israel border; 2 Israeli soldiers killed


