കൊച്ചി: കേരളത്തെ കുറിച്ചുള്ള സംഘ്പരിവാർ പ്രൊപ്പഗണ്ട സിനിമയായ ‘ദി കേരള സ്റ്റോറി’ വലിയ വിവാദം സൃഷ്ടിക്കുമ്പോൾ, അതേസമയത്ത് തന്നെ പ്രദർശനത്തിനിറങ്ങുന്നു റിയൽ കേരള സ്റ്റോറി. ഹിന്ദു കുടുംബത്തിലെ ശ്രീധരൻ എന്ന ആൺകുട്ടിയെ, അവന്റെ മൂത്ത രണ്ട് സഹോദരിമാർക്കൊപ്പം തീരദേശത്തെ മുസ്ലിം ദമ്പതികൾ വളർത്തിയ ഒരിജിനൽ കഥ വിവരിക്കുന്നതാണ് സിദ്ദിക്ക് പറവൂർ സംവിധാനം ചെയ്ത ‘എന്ന് സ്വന്തം ശ്രീധരൻ’ എന്ന സിനിമ. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, നിലമ്പൂർ ആയിഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ദിഖ് പറവൂർ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് സ്വന്തം ശ്രീധരൻ.
|
2020 ൽ ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരാമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘താഹിറ’യ്ക്ക് ശേഷം സിദ്ദിഖ് പറവൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അയൽക്കാരിയായ സുഹൃത്ത് ചക്കി മരണപ്പെട്ടപ്പോൾ ആരോരുമില്ലാതായ മൂന്ന് മക്കളെ തൻറെ വീട്ടിലേക്ക് കൊണ്ടുപോയി, സ്വന്തം മക്കളെപ്പോലെ വളർത്തി വലുതാക്കിയ സുബൈദയുടെയുടെയും ഭർത്താവ് അസീസ് ഹാജിയുടെയും ജീവിത കഥയാണ് ‘എന്ന് സ്വന്തം ശ്രീധരൻ’. നിലമ്പൂർ കഥാപാശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിൽ സുരേഷ് നെല്ലിക്കോട്, സച്ചിൻ റോയ്, നിർമ്മല കണ്ണൻ, വൈഭവ് അമർനാഥ്, ഹർഷ അരുൺ, ഡോ. ഷാലി അശോക്, രജിത സന്തോഷ്, ആര്യ, അബ്ദൽ ലത്തീഫ് എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫസലുൽ ഹക്ക് അസോസിയേറ്റ് ഡയറക്ടറായും സുബൈർ പാങ്ങ് കലാസംവിധായകനായും പ്രവർത്തിച്ചിരിക്കുന്നു. സുബി കൊടുങ്ങല്ലൂർ, രാഹുൽ ആർ. ടി. പി, മിർഷാ സാം, ഷിജു അലെക്‌സ്, ഹസ്സൻ വണ്ടൂർ, സന്തോഷ് ആലഞ്ചേരി, നിഷ നമ്പൂതിരി, ഇഹ്ലാസ് റഹ്‌മാൻ, റാഷി ലൂസി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
2019 ജൂലൈയിൽ തന്റെ ഉമ്മ സുബൈദയുടെ വിയോഗ വാർത്ത ഫേസ്ബുക്കിൽ പങ്കുവച്ചപ്പോഴാണ് ശ്രീധരന്റെ അതുല്യമായ കഥ ആദ്യമായി ലോകം അറിയുന്നത്. ഒരു ഹിന്ദു പുരുഷന് എങ്ങനെ ഒരു ഉമ്മ ഉണ്ടായി എന്ന ചോദ്യമാണ് ശ്രീധരന്റെ പോസ്റ്റ് ഉയർത്തിയത്. എങ്ങനെയെന്ന് ശ്രീധരൻ രണ്ടാമത്തെ പോസ്റ്റിൽ തന്റെ വായനക്കാരോട് പറഞ്ഞു. ”…എന്റെ അമ്മ മരിച്ച ദിവസം, ഈ ഉമ്മയും ഉപ്പയും ഞങ്ങളെ അവരുടെ വീട്ടിലേക്ക് കൊണ്ടു വന്നു. സ്വന്തം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയത് പോലെ തന്നെ അവർ ഞങ്ങൾക്കും വിദ്യാഭ്യാസം നൽകി. എന്റെ സഹോദരിമാർ വിവാഹപ്രായമെത്തിയപ്പോൾ അവരെ കല്യാണം കഴിപ്പിച്ചത് ഉപ്പയും ഉമ്മയും ആയിരുന്നു. അവർ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് അവർക്ക് കുട്ടികളില്ലാത്തതു കൊണ്ടല്ല. അവർക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ ഞങ്ങളെ ദത്തെടുത്തിട്ടും ഞങ്ങളെ മതം മാറ്റാൻ അവർ ശ്രമിച്ചില്ല. ദത്തെടുക്കുന്ന അമ്മയ്ക്ക് ഒരിക്കലും ഒരാളുടെ സ്വന്തം അമ്മയുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന് ആളുകൾ പറയുന്നു. പക്ഷേ അവർ ഒരിക്കലും ഞങ്ങൾക്ക് ഒരു ‘ദത്തെടുത്ത അമ്മ’ ആയിരുന്നില്ല, ശരിക്കും ഞങ്ങളുടെ അമ്മ തന്നെയായിരുന്നു.’
ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് പറവൂരിന് ഈ പോസ്റ്റിൽ ഒരു സിനിമാ സാധ്യത തോന്നുകയും തുടർന്ന് ‘എന്ന് സ്വന്തം ശ്രീധരൻ’ എന്ന ചിത്രം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു. കേരളത്തിലെ സാഹോദര്യത്തിന്റെ ജീവിക്കുന്ന ഉദാഹരണം എന്ന് സ്വയം വിശേഷിപ്പിച്ച ശ്രീധരൻ പറഞ്ഞു, ”ഉമ്മ എന്നെയും ജാഫറിനെയും ഒരുമിച്ച് മുലയൂട്ടിയിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്.” സുബൈദയുടെ സ്വന്തം കുട്ടിയാണ് ജാഫർ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരു കേട്ട സുബൈദയ്ക്ക് വീട്ടുജോലിക്കാരി എന്നതിലുപരി ചക്കി ഒരു കൂട്ടായിരുന്നു. സുബൈദ നാലാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോൾ ആണ് ചക്കി മരിക്കുന്നത്. സുബൈദയും ഭർത്താവ് അസീസ് ഹാജിയും ചേർന്ന് അന്ന് കുഞ്ഞായിരുന്ന ചക്കിയുടെ മകൻ ശ്രീധരൻ ഉൾപ്പെടെ മൂന്ന് മക്കളെ അവരുടെ വീട്ടിലേക്ക് കൊണ്ടു പോയി. മക്കളെ പോറ്റാൻ കഴിയാതിരുന്ന ശ്രീധരന്റെ പിതാവ്, സുബൈദയ്ക്കും കുടുംബത്തിനും ഒപ്പം അവർ സുരക്ഷിതരായിരിക്കുമെന്ന് കരുതി.
കേരളത്തിലെ മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഇസ്ലാം മതവിശ്വാസികളായിരുന്ന ദമ്പതികൾ മൂവരെയും സ്വന്തം മൂന്ന് കുട്ടികൾക്കൊപ്പം വളർത്തി. കുടുംബത്തിലേക്ക് ദത്തെടുത്തു എങ്കിലും അവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തില്ല. കുട്ടികൾ മുതിർന്നപ്പോൾ ശ്രീധരന്റെ സഹോദരിമാരായ ലീലയെയും രമണിയെയും ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചയച്ചു.”എനിക്ക് ഒരിക്കലും ഈ സിനിമ മുഴുവനായി കാണാൻ കഴിയില്ല… കാഴ്ചകൾ കണ്ടു പലപ്പോഴും തകർന്ന് പോകുമായിരുന്നു… ഇന്നാണ് ഞാൻ ആദ്യമായി ഇത് മുഴുവനായി കാണുന്നത്… ഉമ്മയെ ഞാൻ അത്ര മേൽ സ്‌നേഹിക്കുന്നു…’ ശ്രീധരൻ പറഞ്ഞു.
ഇപ്പോൾ മലപ്പുറത്തെ പറശ്ശേരിയിൽ ഭാര്യ തങ്കമ്മുവിനും പതിനേഴു വയസ്സുള്ള മകൻ അൻശ്യാമിനുമൊപ്പം താമസിക്കുന്ന ശ്രീധരൻ പറയുന്നു, താൻ ഇപ്പോഴും എല്ലാ വെള്ളിയാഴ്ചകളിലും അല്ലെങ്കിൽ സ്വപ്‌നത്തിൽ ‘ഉമ്മ’ പ്രത്യക്ഷപ്പെടുമ്പോഴുമെല്ലാം അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ പള്ളിയിൽ പോകാറുണ്ട് എന്ന്.’ദി കേരള സ്റ്റോറി’യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കത്തിപ്പടരുമ്പോൾ, മുൻ മന്ത്രി തോമസ് ഐസക്ക് ട്വീറ്റ് ചെയ്തു, ”ഞങ്ങൾ ഇത് നിരോധിച്ചിട്ടില്ല. അതിൽ കാര്യമില്ല. കേരളത്തിൽ അധികമാരും ഇത് കാണുന്നില്ല…’ എന്ന്.സുബൈദമാർക്കും ശ്രീധരന്മാർക്കും ഇപ്പോഴും കേരളത്തിൽ ഒരു ക്ഷാമവുമില്ലാതത് കൊണ്ടാവാം.


