മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ പെട്ട 200ലേറെ പേര്‍ ഇപ്പോഴും കാണാമറയത്ത്. ഇവരെ കണ്ടെത്താന്‍ ആറാംദിനമായ ഇന്ന് തിരച്ചില്‍ ശക്തമാക്കും. (Wayanad Landslide; 206 more people to be found; More radars will be deployed today to intensify the search) ഇതിനായി ഡല്‍ഹിയില്‍ നിന്ന് കൂടുതല്‍ റഡാര്‍ സംവിധാനങ്ങളെത്തിക്കും. ഒരു സേവര്‍ റഡാറും, നാല് റെക്കോ റഡാറുകളും ഇതിനായി ഇന്ന് ദുരന്തമുഖത്ത് എത്തിക്കും. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
|
അതിനിടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 366 ആയി ഉയര്‍ന്നു. ഇതില്‍ 152 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇന്നലെ 14 മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ മലപ്പുറത്തെ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളിലും തിരച്ചില്‍ വ്യാപകമാക്കും. ചാലിയാറില്‍നിന്ന് ഇതുവരെ 205 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ സന്നദ്ധ സംഘടനകള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി മുണ്ടക്കൈയിലെത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനായി ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപത്ത് പ്രത്യേക കൗണ്ടര്‍ തുറന്നു. ടീം ലീഡറുടെ പേരും വിലാസവും നല്‍കിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കണമെന്നും നിര്‍ദേശമുണ്ട്.
ALSO READ: വയനാട് സന്ദര്‍ശനം: മേജര്‍ രവി സൈനിക യൂനിഫോം ദുരുപയോഗം ചെയ്തുവെന്ന് പരാതി
ചൂരല്‍മലയില്‍ കണ്ടെത്തിയത് 4 മൃതദേഹങ്ങള്‍
ചൂരല്‍മല ദുരിതബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടത്തും. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചില്‍. ഉരുള്‍പൊട്ടലില്‍ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയര്‍ച്ച വ്യത്യാസം മനസിലാക്കി പരിശോധന ശക്തമാക്കും.
എന്‍ഡിആര്‍എഫ്, കെ – 9 ഡോഗ് സ്‌ക്വാഡ്, ആര്‍മി കെ – 9 ഡോഗ് സ്‌ക്വാഡ്, സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ്, മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ്, പൊലിസ്, ഫയര്‍ഫോഴ്‌സ്, വനം വകുപ്പ്, തമിഴ്‌നാട് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, മെഡിക്കല്‍ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെല്‍റ്റ സ്‌ക്വാഡ്, നേവല്‍, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ 12 വിഭാഗങ്ങളിലെ 1264 പേരാണ് ആറു മേഖലകളിലായി തിരിഞ്ഞ് അഞ്ച് ദിവസം തിരിച്ചില്‍ നടത്തിയത്. പരിശോധനയില്‍ 4 മൃതദേഹങ്ങള്‍ കണ്ടെത്തി.
പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് പരിസരം, സ്‌കൂള്‍, റോഡ് എന്നിവടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു പരിശോധന നടത്തി. അപകടത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോള്‍ഡറും മിസിങ് കേസ് റജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളുടെ വിവരങ്ങളും പരിശോധിക്കും. ദുരിതാശ്വാസ ക്യാംപുകള്‍ സംബന്ധിച്ചു പരാതികള്‍ ഉണ്ടെങ്കില്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സമിതി അറിയിച്ചു.
ക്യാംപുകളിലെ ശുചിത്വം ഉറപ്പാക്കും. ആവശ്യമില്ലാതെ ദുരന്ത ഭൂമിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം ടൂറിസം യാത്രകള്‍ നിരുത്സാഹപ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.





