29
Aug 2024
Fri
29 Aug 2024 Fri
Wayand Landslide death toll

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 300 കവിഞ്ഞു. ഇന്നും ചില മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.(Wayanad Landslide: Deaths exceed 300; More than 200 people are still missing)  മരിച്ചവരില്‍ 23 കുട്ടികളും ഉള്‍പ്പെടും. 206 പേര്‍ ഇപ്പോഴും കാണാമറയത്താണ്. കാണാതായവരില്‍ 49 കുട്ടികളും ഉള്‍പ്പെടും. 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തോട്ടങ്ങളിലും മറ്റും ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കുകള്‍ ഇപ്പോഴും കൃത്യമായി ലഭ്യമല്ലെന്നതാണ് അധികൃതരെ കുഴക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദേശത്ത് 1000ഓളം വീടുകളിലാണ് വൈദ്യുതി കണക്ഷന്‍ കൊടുത്തിരുന്നതെന്നും അതില്‍ 600ഓളം വീടുകളും പോയെന്നും പ്രദേശത്തെ കെഎസ്ഇബി ഓവര്‍സിയര്‍ സലീം പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി കണക്കുകൂട്ടുന്നതിലും അപ്പുറമായിരിക്കുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ഇതുവരെ 107 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 105 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചാലിയാറില്‍നിന്ന് മാത്രം ഇതുവരെ 172 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ചാലിയാര്‍ പുഴയില്‍ ഇന്ന് വിശദമായ പരിശോധന നടത്താനാണ് തീരുമാനം. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലെ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും തിരച്ചില്‍ നടത്തും.

ALSO READ: വയനാട്ടില്‍ ഇന്ന് തിരച്ചിലിന് 40 ടീമുകള്‍; ആറ് സോണുകളായി തിരിക്കും; മൃതദേഹങ്ങള്‍ കണ്ടെത്താന്‍ റഡാറും കഡാവര്‍ നായ്ക്കളും

കൂടുതല്‍ പേര്‍ അകപ്പെട്ടതായി കരുതുന്ന 15 സ്‌പോട്ടുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചതായാണ് വിവരം. സൈന്യം നിര്‍മിച്ച ബെയ്‌ലി പാലം തുറന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി.

കൂടുതല്‍ ജെസിബികളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കും. ആറു മേഖലകളായി തിരിച്ചാകും ഇന്ന് തിരച്ചില്‍ നടത്തുക. ഔദ്യോഗിക വിഭാഗവും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടെ 2000ലേറെ പേരാണ് ഇന്ന് തിരച്ചലിന് ഉണ്ടാവുക. കോസ്റ്റ് ഗാര്‍ഡും വനംവകുപ്പും തിരച്ചിലില്‍ സഹകരിക്കും.

ഉരുള്‍പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ,പുഞ്ചിരിമട്ടം പ്രദേശങ്ങളില്‍ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിട്ടുണ്ട്. തെര്‍മല്‍ ഇമേജിങ് പരിശോധനയിലാണ് കണ്ടെത്തല്‍. വയനാട്ടില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഇതിലാകെ 9328 പേരാണുള്ളത്. മേപ്പാടിയില്‍ മാത്രം 9 ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരാണുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സന്നദ്ധ സംഘടനകളും വ്യക്തികളും ഉള്‍പ്പെടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികളും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ കേന്ദ്രീകരിച്ചാണ് ഇവ വിതരണം ചെയ്യുന്നത്.