വന്യമൃഗങ്ങള്‍ക്ക് വരാനിരിക്കുന്ന മഹാദുരന്തത്തിന്റെ സൂചനകള്‍ മുന്‍കൂട്ടി ലഭിക്കുമെന്ന് പറയാറുണ്ട്.(Wayanad Landslide: Elephants helped us to rescue) ഭൂകമ്പവും സുനാമിയുമൊക്കെ വരുമ്പോള്‍ മൃഗങ്ങള്‍ അസാധാരണ വെപ്രാളം പ്രകടിപ്പിക്കുന്നതും ഉയരത്തിലേക്ക് കയറിവരുന്നതും പലപ്പോഴും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
|
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ പലരുടെയും ജീവന് രക്ഷിച്ചത് ഇത്തരത്തില്‍ അസാധാരണമായി പെരുമാറിയ ആനക്കൂട്ടത്തിന്റെ വരവ്. വയനാട്ടില്‍ മൂന്നൂറോളം പേരുടെ ജീവനെടുത്ത ആദ്യ ഉരുള്‍പൊട്ടിയത് പുലര്‍ച്ചെ ഒന്നര മണിയോടെയാണ്. അതിന് രണ്ടു മണിക്കൂര്‍ മുമ്പേ ചൂരമലയിലും മുണ്ടക്കൈയിലും വലിയ കാട്ടാനക്കൂട്ടമെത്തി. ഇത്ര വലിയ ആനക്കൂട്ടത്തെ ആ ഭാഗത്ത് ഇതിനു മുമ്പ് കണ്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
പതിവില്‍ കൂടുതല്‍ ആനകളെത്തിയപ്പോള് അതറിഞ്ഞ ചൂരല്‍മലക്കാര്‍ ജാഗ്രതയിലായി. സമീപ വീടുകളില്‍ ഉള്ളവര്‍ ഉറങ്ങാതെ വീടുകളില്‍ കാവലിരുന്നു. അപ്പോഴാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടാകുന്നത്. ആനപ്പേടിയില്‍ ഉറക്കമൊഴിച്ചിരുന്നവര് ആദ്യ ശബ്ദം കേട്ടപ്പോള്‍ തന്നെ വീടു വിട്ടോടി. അതുകൊണ്ടാണ് ഒരു മണിക്കൂറിനുള്ളില്‍ എത്തിയ രണ്ടാമത്തെ ഭീകരമായ ഉരുള്‍പൊട്ടലില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടത്. അവരാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും താമസിച്ചിരുന്നവരില്‍ അവശേഷിക്കുന്ന ജീവനുകള്‍. ചൂരല്‍മലയില്‍ നിന്നും രക്ഷപ്പെട്ട സല്‍മത്താണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

”12 മണിയോടെ ആന വന്നു. വലിയ ആനക്കൂട്ടമായിരുന്നു. അവ എല്ലാ ഭാഗത്തേക്കും വന്നിരുന്നു. ഒരു പക്ഷേ ദുരന്തത്തിന്റെ സൂചന കിട്ടി വന്നതാവും. ഉറങ്ങാതിരുന്നത് കൊണ്ട് ആദ്യ പൊട്ടല്‍ ശബ്ദം തന്നെ കേട്ടു. അങ്ങനെ ഇറങ്ങി ഓടി. ശക്തിയായ മഴ ആയിരുന്നു. കറന്റും പോയി. എവിടേക്കാണ് ഓടേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. കുട്ടികളെ ഒക്കെ എടുത്ത് എങ്ങിനെയൊക്കെയോ രക്ഷപ്പെടുകയായിരുന്നു. വലിയ മഴ വരുമ്പോള്‍ പൊതുവേ ഞങ്ങള്‍ക്ക് പേടിയാണ്. പുത്തുമല നേരത്തേ പോയതല്ലേ. മക്കള്‍ പഠിച്ച സ്കൂള്‍ അടക്കം രണ്ടാമത്തെ പൊട്ടലില്‍ തകര്‍ന്നു. ഇനി ഒന്നുമില്ല. പുത്തുമലയും ചൂരമലയും പോയി. ഇതിനിടയില്‍ ഞങ്ങളുടെ കുറച്ചു വീടുകള്‍ മാത്രമാണുള്ളത്. ചൂരല്‍മല ടൗണിലെ കടകളും പോയി. ചൂരല്‍മലയില്‍ മാത്രം 15 വീടുകള്‍ ഒലിച്ചു പോയി. ആന വന്നതു കൊണ്ട് മാത്രമാണ് ജീവന് കിട്ടിയത്. ചൂരല്‍മലയിലുള്ള പല ബന്ധുക്കളും മരിച്ചു. ഇനി ആ വീട്ടില്‍ പോയി കിടന്ന് സമാധാനത്തോടെ എങ്ങനെ ഉറങ്ങും-സല്‍മത്ത് ചോദിക്കുന്നു. എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം അടക്കം വേണം. എല്ലാം പോയ അവസ്ഥയാണെന്നും സല്‍മത്ത് വിശദീകരിക്കുന്നു.





