Wayanad landslide live updates| എട്ടാം ദിനമായ ഇന്നും തിരച്ചില്‍ തുടരും, ഹെലികോപ്റ്ററില്‍ പ്രത്യേക സംഘത്തെ എത്തിക്കും
|
മേപ്പാടി: കഴിഞ്ഞ ഈ ദിവസം പുലര്‍ച്ചെയാണ് വയനാട്ടില്‍ നമ്മെ നടുക്കി ഉരുള്‍പൊട്ടലുണ്ടായത്. സംഭവത്തിന്റെ എട്ടാം ദിനമായ ഇന്നും വയനാട് മുണ്ടക്കൈയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും. ഇന്ന് ആറ് സോണുകളായാണ് തെരച്ചില്‍ നടത്തുക. സൂചിപ്പാറയിലെ സണ്‍റൈസ് വാലിയില്‍ പ്രത്യേകസംഘത്തെ ഹെലികോപ്റ്ററില്‍ എത്തിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ചെങ്കുത്തായ പാറയടക്കമുള്ള ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ സന്നദ്ധ പ്രവര്‍ത്തകരുണ്ടാവില്ല.
സൈനികര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ 12 പേരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക. ഇവിടെ മൃതദേഹങ്ങള്‍ ഉണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ദുരന്തത്തില്‍ 407 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
തിരിച്ചറിയാത്ത 43 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും കഴിഞ്ഞ ദിവസം പൊതുശ്മശാനത്തില്‍ സര്‍വമത പ്രാര്‍ത്ഥനയോടെ സംസ്‌കരിച്ചു.
ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങള്‍ക്ക് പുത്തുമലയിലെ 66 സെന്റ് ഭൂമിയില്‍ ആകും അന്ത്യവിശ്രമം. ശരീരഭാഗങ്ങളായും തിരിച്ചറിയാതെയും അവശേഷിച്ച മൃതദേഹങ്ങളാണ് പുത്തുമലയില്‍ സംസ്‌കരിക്കുന്നത്. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാര്‍ത്ഥനകളും അന്ത്യോപചാരവും നല്‍കിയാണ് ഓരോന്നും അടക്കം ചെയ്യുന്നത്. സര്‍വ്വമത പ്രാര്‍ത്ഥനകളോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. പേരറിയാത്ത മൃതദേഹങ്ങള്‍ നമ്പറുകളായാണ് ഇവിടെ സംസ്‌കരിക്കപ്പെടുന്നത്. ഓരോ മൃതദേഹാവശിഷ്ടവും മൃതദേഹമായി കണ്ട് പ്രത്യേകമാണ് സംസ്‌കരിക്കുന്നത്. പിന്നീട് ഡിഎന്‍എ ടെസ്റ്റിലൂടെ മൃതദേഹം തിരിച്ചറിഞ്ഞേക്കാം.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 396 ആയി. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്റെ തീരുമാനം. ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.





