28
Aug 2024
Tue
28 Aug 2024 Tue
Permission for quarry near Mundakai landslide area

കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭീതി മാറും മുമ്പ് മേഖലയ്ക്കരികെ ക്വാറിക്ക് അനുമതി നല്‍കാന്‍ നീക്കം.(Wayanad Landslide: Permission for quarry near Mundakai landslide area) ദുരന്ത നിവാരണ അതോറിറ്റി ലൈസന്‍സ് നിഷേധിച്ച ക്വാറിയുടെ നിര്‍മാണത്തിനു തടസമില്ലെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. ക്വാറിയുടമകള്‍ നല്‍കിയ ഹരജിയിലാണ് അനുകൂലമായി ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലക്കും പുത്തുമലക്കും അടുത്ത് ക്വാറി തുറക്കാനാണ് നീക്കം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുമതി നിഷേധിച്ച വാളത്തൂരിലെ ക്വാറിക്ക് അനുകൂലമായാണ് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ക്വാറികള്‍ ഉരുള്‍ പൊട്ടല്‍ സാധ്യത വലിയ തോതില്‍ വര്‍ധിപ്പിക്കുന്നതായുള്ള പഠനറിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ ദുരന്തമേഖലയില്‍ ക്വാറിക്ക് പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

അതീവ പരിസ്ഥിതിലോല പ്രദേശമായ വാളത്തൂരിലെ ഈ ക്വാറിയില്‍നിന്ന് 20 കിലോമീറ്റര്‍ ചുറ്റളവിലാണ് നൂറുകണക്കിന് പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയും പുത്തുമലയും. മുന്നൂറോളം വീടുകളും രണ്ട് അങ്കന്‍വാടികളും മദ്രസയും ഒരു ആദിവാസി കോളനിയും ഈ മേഖലയിലുണ്ട്.

കൃത്യമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കലക്ടര്‍ അധ്യക്ഷയായ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും പഞ്ചായത്ത് നല്‍കിയ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശിച്ചത്.

ക്വാറി പ്രവര്‍ത്തിക്കുന്ന സ്ഥലം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള ദുരന്തസാധ്യതാ മേഖലയിലാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി(എസ്.ഡി.എം.എ) പ്രഖ്യാപിച്ച ഹൈ ഹസാര്‍ഡ് സോണിന്റെ 310 മീറ്റര്‍ പരിധിയില്‍ ആണെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനെതിരെ ഹൈക്കോടതിയില്‍ പോയ ക്വാറി ഉടമകള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍.

കഴിഞ്ഞ ജൂണ്‍ പത്തിന് ഹൈക്കോടതിയില്‍ ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ ക്വാറി പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് മുകളില്‍ അധികാരമുള്ള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ക്വാറി പ്രവര്‍ത്തിപ്പിക്കാമെന്ന നിലപാടിലാണെന്നും ചൂണ്ടിക്കാട്ടി.

ചീഫ് സെക്രട്ടറി ഇങ്ങനെയൊരു സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. ഓരോ ജില്ലയിലെയും അതത് പ്രദേശങ്ങളിലെ ഭൂപ്രകൃതിയും സാഹചര്യങ്ങളും പഠിച്ചുകൊണ്ടാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ ഉത്തരവിറക്കുന്നത്. സര്‍ക്കാര്‍ സത്യവാങ്മൂലത്തോടെ ഇതിന് നിയമപ്രാബല്യമില്ലെന്ന നിലവരും.