27
Aug 2024
Fri
27 Aug 2024 Fri
Bailey bridge construction

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ കുടുങ്ങിയവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം നാലാം ദിവസവും പുരോഗമിക്കുമ്പോൾ കനത്ത വെല്ലുവിളി ആയി മഴ. അതേസയം, ഉൾപൊട്ടൽ നടന്ന വയനാട് മുണ്ടക്കൈ, ചൂരൽ മലയിൽ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിൽ ആണ് സൈന്യം. 500 സൈനികര്‍ ആണ് മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ തിരച്ചില്‍ നടത്തുന്നത്. സഹായത്തിനു മൂന്നു സ്‌നിഫര്‍ നായകളുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് (ജി.ഒ.സി.) മേജര്‍ ജനറല്‍ വിനോദ് മാത്യുവാണ് ഇക്കാര്യമറിയിച്ചത്. ജീവനോടെയുള്ള കുടുങ്ങി കിടക്കുന്ന എല്ലാവരെയും രക്ഷിക്കാനായതായി യോഗം വിലയിരുത്തി.

40 അം​ഗ ടീമുകളായി തിരിഞ്ഞ് ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേകം തെരച്ചിൽ നടത്തും . ആർമി സംഘം മുണ്ടക്കൈ ഭാഗത്തേക്ക് നീങ്ങുകയാണ്. കനത്തമഴ രക്ഷാദൌത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ ചാലിയാർപുഴയിലും , പുഴയൊഴുകുന്ന ഉൾവനത്തിലും , സ്റ്റേഷൻ പരിധികളിലും തിരച്ചിൽ നടക്കും. ബെയ്‌ലി പാലം തുറന്നതോടെ ദൌത്യം കൂടൂതൽ വേഗത്തിലാകും. റഡാർ സംവിധാനവും,ഹെലികോപ്റ്ററുകളും തിരച്ചിന് ഉപയോഗിക്കും.

 

ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ,പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിട്ടുണ്ട്. തെർമൽ ഇമേജിങ് പരിശോധനയിലാണ് കണ്ടെത്തൽ. വയനാട്ടിൽ 91 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.ഇതിലാകെ 9328 പേരാണുള്ളത്. മേപ്പാടിയിൽ മാത്രം 9 ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരാണുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

അതിനിടെ കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോപണത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ശരിവെച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇറക്കിയ വിശദീകരണം. വയനാട്ടിൽ റെഡ‍് അലേർട്ട് പ്രഖ്യാപിച്ചത് ഉരുൾപൊട്ടലുണ്ടായ ജൂലൈ 30ന് അതിരാവിലെയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.

ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ജൂലൈ 18 നും 25 നും ഇടയിൽ പല തവണ സംസ്ഥാനത്തിന് നൽകിയിരുന്നു. ഓറഞ്ച് അലേർട്ട് നൽകുന്നത് തയ്യാറെടുപ്പ് നടത്താനാണെന്നും മഹാപത്ര പറഞ്ഞു.

കേരളത്തിന് ഏഴ് ദിവസം മുമ്പ് ജൂലൈ 23ന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാൽ റെഡ് അലേർട്ട് ലഭിച്ചത് 30ന് രാവിലെ മാത്രമാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ഇത് ശരിവെക്കുന്നതാണ്  IMD മേധാവിയുടെ പ്രതികരണം.