നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി ആയ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെതിരെ കാന്തപുരം വിഭാഗം. (Welfare party backs UDF in Nilambur) ജമാഅത്തെ ഇസ്ലാമിയെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഉപമിച്ച ആര്യാടന്‍ ഷൗക്കത്തിന് പിന്തുണക്കായി വെല്‍ഫെയര്‍ പാര്‍ട്ടി ചാടി വീഴുന്നത് ശരിയല്ലെന്നാണ് കാന്തപുരം വിഭാഗത്തിന്റെ പ്രതികരണം.
|
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുന്നതിനെ എതിര്‍ത്ത കാന്തപുരം വിഭാഗം എസ്വൈഎസ് നിലമ്പൂര്‍ സോണ്‍ പ്രസിഡന്റ് സാഫ്വാന്‍ അസ്ഹരി പിന്തുണ ഗുണം ചെയ്യുമോയെന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന്റെ അപ്രഖ്യാപിത ഘടകകക്ഷിയെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ് വിശേഷിപ്പിച്ചത്. ഒരുപടി കൂടി കടന്ന് യുഡിഎഫിനെ അതിരൂക്ഷമായി വിമര്‍ശിച്ച് എളമരം കരീമും രംഗത്തെത്തി. ഇസ്ലാമിക തീവ്രവാദത്തിന്റെ ബൗദ്ധിക കേന്ദ്രം മൗദൂദിയാണെന്ന് പറഞ്ഞ ഷൗക്കത്ത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അത് എന്തിനു മറച്ചു വയ്ക്കുന്നുവെന്ന് എളമരം കരീം ചോദിച്ചു.
പിന്തുണ തള്ളാതെ ഷൗക്കത്ത്
അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ തള്ളാതെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചത്. എല്ലാവരും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും പറഞ്ഞ അദ്ദേഹം ഒന്‍പത് വര്‍ഷത്തെ പിണറായി ഭരണത്തിനെതിരെ എല്ലാവരും പിന്തുണയ്ക്കുന്ന ഘട്ടം വരുമെന്നും പ്രതികരിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിലമ്പൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുസര്‍ക്കാരിനെതിരായ വിധിയെഴുത്താകണമെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പിലും പോലീസിലും നടക്കുന്ന ജനവിരുദ്ധതയും സംഘപരിവാര്‍ പ്രീണനവും ഭരണമുന്നണിയുടെ ഭാഗമായിരുന്ന മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ തുറന്നുപറഞ്ഞിടത്തുനിന്നാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുതന്നെ ഉണ്ടാകുന്നതെന്നും അതുകൊണ്ടാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും റസാഖ് പാലേരി അവകാശപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ടിക്ക് യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന ധാരണയിലാണ് പിന്തുണയെന്ന് റിപോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ റസാഖ് പാലേരി തയ്യാറായില്ല. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നേരത്തെ പറഞ്ഞകാര്യങ്ങള്‍ ഇപ്പോള്‍ പരിഗണനാവിഷയമല്ല. 2019നുശേഷം അദ്ദേഹം പാര്‍ടിയെ വിമര്‍ശിച്ചിട്ടില്ല. യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം ലഭിക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നില്ലെന്നും സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിഡിപി പിന്തുണ ഇടതുമുന്നണിക്ക്
അതേസമയം, ഇടതുമുന്നണിക്ക് നല്‍കിവരുന്ന പിന്തുണ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും തുടരുമെന്ന് പിഡിപി അറിയിച്ചു.
വര്‍ഗീയ ഫാസിസത്തിനെതിരേയും സാമ്രാജ്യത്വത്തിനെതിരേയും ശക്തമായ നിലപാട് എക്കാലവും സ്വീകരിച്ചുവരുന്ന ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നുനില്‍ക്കാനാണ് പിഡിപിക്ക് ആശയപരമായി കൂടുതല്‍ കഴിയുന്നതെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി ഇടതുമുന്നണിയോടൊപ്പം പിഡിപി ഫലപ്രദമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിഡിപി നിലമ്പൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





