ജിദ്ദ: വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സമൂഹത്തില്‍ ജനാധിപത്യ ഭരണ സംവിധാനത്തെ നിലനിര്‍ത്തുന്ന ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് സാമൂഹിക നീതിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷംസീര്‍ ഇബ്രാഹീം. സാമൂഹിക നീതി നടപ്പില്‍ വരണമെങ്കില്‍ രാജ്യത്ത് സാഹോദര്യ രാഷ്ട്രീയം നിലവില്‍ വരണം. അതിനാലാണ് വെല്‍ഫെയര്‍ പാര്‍ട്ടി അതിന്റെ രാഷ്ട്രീയ അടിത്തറയായി സാമൂഹിക നീതിയും സാഹോദര്യ രാഷ്ട്രീയവും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയില്‍ പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് ഒരുക്കിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
|
സംഘ് പരിവാര്‍ മാത്രമല്ല ഇസ്‌ലാമോ ഫോബിയയും ന്യൂനപക്ഷ വിരോധവും വിറ്റു വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നത്, ന്യൂനപക്ഷ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന ഇടതു പക്ഷ സര്‍ക്കാരും കേരളത്തില്‍ ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ തുടരുന്ന ന്യൂനപക്ഷ വിരോധത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ പകുതിയായി വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ്. മാഷാ അള്ളാഹ് സ്റ്റിക്കറും, കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും പാലക്കാട് തിരഞ്ഞെടുപ്പ് ദിവസം കേരളത്തിലെ പത്രങ്ങളില്‍ വന്ന പരസ്യവും വയനാട് തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ വിജയത്തിനോട് ഇടതുപക്ഷം നടത്തിയ പരാമര്‍ശങ്ങളും സിപിഐഎമ്മിന്റെ മുസ്ലിം വിരോധത്തിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്.
ന്യൂനപക്ഷ വിരുദ്ധതയില്‍ ഊന്നി ഭൂരിപക്ഷ വോട്ടുകള്‍ നേടാനുള്ള ഇതേ കുതന്ത്രം തന്നെയാണ് അടുത്ത് നടക്കാന്‍ പോകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ ആയുധമെന്ന് എല്‍ ഡി എഫ് വ്യക്തമാക്കി കഴിഞ്ഞു. ഇതുകൊണ്ടു താല്‍കാലിക നേട്ടം മാത്രമേ സിപിഐഎമ്മിനും ഇടതു പക്ഷത്തിനും ലഭിക്കുകയുള്ളു, ആത്യന്തികമായി ഇത് കൊണ്ട് നേട്ടമുണ്ടാവുക സംഘ് പരിവാറിന് മാത്രമാണ് എന്നും ബംഗാളില്‍ പാര്‍ട്ടി ഓഫീസുകള്‍ അടക്കം സംഘ് പരിവാറിലേക്ക് ഒഴുകി പോയത് സി പി ഐഎം മറക്കരുത് എന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ഇസ്ലാമോഫോബിയ സാധാരണമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് അനീതി അനുഭവിക്കുന്നവരുടെ കൂടെ നില്‍ക്കുക എന്ന് ഉറപ്പിച്ചിട്ടുള്ള ഒരു പാര്‍ട്ടിക്ക് എത്ര തന്നെ വര്‍ഗ്ഗീയ പാര്‍ട്ടി എന്ന വിളി കേട്ടാലും അതുകൊണ്ടൊന്നും നീതിയുടെ മാര്‍ഗ്ഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാവുകയില്ല എന്നും മുസ്ലികള്‍ ധാരാളമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി മാത്രം വര്‍ഗീയമാവുകയും, മറ്റു സമുദായങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികള്‍ മതേതരമാവുകയും ചെയ്യുന്നത് തന്നെ ഇസ്ലാമോഫോബിയയുടെ വ്യക്തമായ തെളിവാണ് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എത്ര തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാലും സാഹോദര്യ രാഷ്ട്രീയത്തിനും അതിലൂടെ സൃഷ്ടിച്ചെടുക്കുന്ന സാമൂഹിക നീതിക്കായി ഈ പാര്‍ട്ടി പ്രവര്‍ത്തിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. പ്രവാസി വെസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സെക്രെട്ടറി യൂസുഫ് പരപ്പന്‍ സ്വാഗതവും ജനറല്‍ സെക്രെട്ടറി അഷ്റഫ് പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു


