27
Aug 2024
Sun
27 Aug 2024 Sun

തിരുവനന്തപുരം- വയനാട് ദുരന്തത്തിലെ ഇരകൾക്കും രക്ഷാപ്രവർത്തകർക്കും മുസ് ലിം ലീഗിന്റെ വൈറ്റ് ഗാർഡ് അടക്കമുള്ളവർ നൽകുന്ന ഭക്ഷണവിതരണം തടയില്ലെന്ന് സംസ്ഥാന സർക്കാർ. സംഘടനകൾക്ക് ഭക്ഷണം നൽകാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. സൈനികർക്ക് അടക്കമുള്ള ഭക്ഷണം നൽകുന്നതിന് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട് ദുരന്തബാധിതർക്കും രക്ഷാപ്രവർത്തകർക്കും ഭക്ഷണം വിതരണം ചെയ്യുന്നതിന് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഏർപ്പെടുത്തിയ സംവിധാനം നിർത്തിവയ്ക്കാനുള്ള ഉത്തരവ് വിവാദമായതോടെയാണ് സർക്കാർ തീരുമാനം തിരുത്തിയത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുമായി സംസാരിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയത് അന്വേഷിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുറത്തുനിന്ന് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നതിൽ ആർക്കും വിരോധമില്ല. അവരെ ബഹുമാനിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ഇപ്പോൾ ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. വൈറ്റ് ഗാർഡിനുണ്ടായ പ്രയാസങ്ങളെല്ലാം തീർത്തുവെന്നും മന്ത്രി പറഞ്ഞു.

ഒട്ടേറെ പേർക്ക് സൗജന്യമായി നൽകിയ ഭക്ഷണ വിതരണം നിർത്തിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് നേരത്തേ പ്രതികരിച്ചിരുന്നു. ജൂലൈ 31ന് രാവിലെയാണ് നരിപ്പറ്റയിലുള്ള വൈറ്റ് ഗാർഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം ആരംഭിച്ചത്. രക്ഷാ പ്രവർത്തനം നടത്തുന്ന സൈനികർ, പോലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തിരയുന്ന ബന്ധുക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കായിരുന്നു ഇവിടെ നിന്ന് മൂന്നുനേരവും ഭക്ഷണം നൽകിവന്നിരുന്നതെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.

ദിവസം എണ്ണായിരത്തോളം ഭക്ഷണമാണ് അവർ വെച്ച് വിളമ്പിയത്. വൈറ്റ് ഗാർഡിന്റെ പാചകപ്പുരയെ സംബന്ധിച്ച് ദേശീയ മാധ്യമങ്ങൾ വരെ റിപോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇന്നലെ വൈകുന്നേരത്തോടെ ഡി.ഐ.ജി തോംസൺ ജോസ് എത്തി പാചകപ്പുര നിർത്താൻ പറയുകയായിരുന്നുവെന്നും ഫിറോസ് പറയുകയുണ്ടായി.

READ ALSO:വൈറ്റ് ഗാര്‍ഡിന്റെ ഭക്ഷണവിതരണം നിര്‍ത്തിച്ചത് ശുദ്ധ തെമ്മാടിത്തമെന്ന് പി കെ ഫിറോസ്