24
Dec 2024
Wed
24 Dec 2024 Wed
mdma malappuram

മലപ്പുറം: മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎയുമായി കാളികാവ് സ്വദേശി പിടിയിലായ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.(Who are the two actresses who said they would go to a resort in Malappuram to buy MDMA? Police to Kochi)  മലപ്പുറത്തെ ഒരു റിസോര്‍ട്ടില്‍ താമസിക്കുന്ന സിനിമാ നടിമാര്‍ക്ക് കൈമാറാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് അറസ്റ്റിലായ മുഹമ്മദ് ഷബീബ് പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിമാന്റ് ഏറെയുള്ള വിദേശ നിര്‍മ്മിത എംഡിഎംഎയ്ക്കായി കൊച്ചിയില്‍ നിന്ന് രണ്ട് നടിമാര്‍ എത്തുമെന്നാണ് ഷബീബ് അറിയിച്ചത്. വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്വേഷണം കൊച്ചിയിലേക്കും നീളുന്നു. ആരാണ് എംഡിഎംഎ ആവശ്യപ്പെട്ട ആ സിനിമാ നടിമാര്‍ എന്നതിലാണ് പോലീസ് അന്വേഷണം. മലയാള സിനിമാ രംഗത്ത് ലഹരി മാഫിയ പിടിമുറുക്കുന്നതായി അടുത്ത കാലത്ത് ആരോപണം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം.

സംഭവത്തില്‍ നടിമാര്‍ ഉള്‍പ്പടെയുള്ളവരുടെ പങ്ക് പൊലീസ് അന്വേഷിച്ച് വരികയാണെന്ന് മലപ്പുറം എസ് പി ആര്‍. വിശ്വനാഥ് പറഞ്ഞു. ക്രിസ്തുമസ്, ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്കായി എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ മലപ്പുറത്തേക്ക് എത്തുന്നതായി പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഴക്കാടിന് സമീപമുള്ള അഴിഞ്ഞില്ലത്തെ റിസോര്‍ട്ടില്‍ പൊലീസും ഡാന്‍സാഫ് ടീമും സംയുക്ത പരിശോധന നടത്തിയത്.

ALSO READ: പ്രയാഗയും ശ്രീനാഥ് ഭാസിയും ഗുണ്ടാ തലവന്റെ മുറിയില്‍ എത്തിയത് ലഹരി പാര്‍ട്ടിക്ക്; ഇന്ന് ചോദ്യം ചെയ്യും

ഇതിനിടെയാണ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എംഡിഎംഎ കൈപ്പറ്റാന്‍ രണ്ടു സിനിമാ നടിമാര്‍ എറണാകുളത്തുനിന്ന് എത്തുമെന്നും അതവര്‍ക്ക് കൈമാറാനാണ് അവിടെ നിന്നതെന്നുമാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ ആരാണ് വരുന്നതെന്നോ നടിമാര്‍ ആരൊക്കെ എന്നോ ഷബീബിന് അറിവുണ്ടായിരുന്നില്ല എന്നാണ് പൊലീസ് നിഗമനം.

വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വീര്യം കൂടിയ 510 ഗ്രാം സെമി ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎയാണ് പിടികൂടിയത്. ലഹരിമരുന്ന് ഒമാനില്‍ നിന്ന് എത്തിച്ചതാണെന്ന് ഷബീബ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിന്നാലെ എംഡിഎംഎ എത്തിച്ചു നല്‍കിയ ചെമ്മാട് സ്വദേശി അബു ത്വാഹിറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒമാനില്‍നിന്നു പാല്‍പ്പൊടി പാക്കറ്റുകളിലാക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയത്. അതിസാഹസികമായാണ് ലഹരിമരുന്ന് ഗള്‍ഫ് രാജ്യത്ത് നിന്ന് എത്തിച്ചത്. വലിയ തുക കമ്മീഷന്‍ ലഭിക്കുന്ന ഈ ഇടപാടിലെ മറുതലയ്ക്കല്‍ ഉള്ള കണ്ണി വമ്പന്‍ മീനാകുമെന്ന നിഗമത്തില്‍ തന്നെയാണ് പോലീസ്.

പ്രയാഗ മാര്‍ട്ടിനും റിമ കല്ലിങ്കലും

prayaga martin rima kallingal
സിനിമാ രംഗത്തെ ലഹരി ഉപയോഗം അടുത്ത കാലത്ത് സജീവമായി ചര്‍ച്ചയായിരുന്നു. കൊച്ചിയില്‍ ഓംപ്രാകാശ് ഉള്‍പ്പെട്ട ലഹരിപ്പാര്‍ട്ടിയും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സിനിമാതാരങ്ങളായ പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുകളാണ് ഈ സംഭവത്തില്‍ പരാമര്‍ശിക്കപ്പെട്ടത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും സിനിമയിലെ ലഹരി മാഫിയയുടെ ആഴത്തിലുള്ള പ്രവര്‍ത്തനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. മദ്യപാനത്തിനോ ലഹരി ഉപയോഗത്തിനോ ശേഷമാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നും ചില യുവ നടന്മാര്‍ ലഹരി ഉപയോഗിക്കുന്നത് പതിവാണെന്നും കണ്ടെത്തിയിരുന്നു. റിമ കല്ലിങ്കലിന്റെ വീട്ടില്‍ നടക്കുന്ന ലഹരി പാര്‍ട്ടികളെക്കുറിച്ച് തമിഴ് ഗായിക സുചിത്ര കഴിഞ്ഞ സപ്തംബറില്‍ നടത്തിയ വെളിപ്പെടുത്തലും ഞെട്ടിക്കുന്നതായിരുന്നു.

ചില പുതു സിനിമകളുടെ സെറ്റുകളില്‍ പരസ്യമായ ലഹരി ഉപയോഗം നടക്കുന്നതായും സിനിമകളുടെ ഷൂട്ടിങ് അവസാനിക്കുമ്പോള്‍ പാക്കപ്പ് പാര്‍ട്ടികള്‍ നടത്തുന്നതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്ഥിരമായി ലഹരി എത്തിച്ചു നല്‍കുന്ന സംഘങ്ങളുടെയും ഉപയോഗിക്കുന്നവരുടെയും വിവരങ്ങള്‍ പോലീസ്-എക്‌സൈസ് സംഘത്തിന്റെ പക്കലുണ്ടെങ്കിലും ലൊക്കേഷനുകളില്‍ കയറിയുള്ള പരിശോധനയ്ക്ക് ഇവര്‍ തയ്യാറല്ല.