24
May 2026
Tue
24 May 2026 Tue
Congress legislative party meeting today to decide CM

10 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ 102 സീറ്റുകളുമായി കേരളത്തില്‍ ഭരണം പിടിക്കാന്‍ യുഡിഎഫിനായെങ്കിലും മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കീറാമുട്ടിയാവുകയാണ്. 50ലേറെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രിക്കുപ്പായം പ്രതീക്ഷിക്കുന്ന കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ സീനിയോറിറ്റിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മാനദണ്ഡമാക്കേണ്ടതെന്ന് രമേശ് ചെന്നിത്തല. മുമ്പ് ഉമ്മന്‍ചാണ്ടിയുടെ പേര് മുഖ്യമന്ത്രി പദത്തിലേക്ക് താന്‍ നിര്‍ദേശിച്ച കാര്യവും ചെന്നിത്തല ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വി ഡി സതീശന് മുഖ്യമന്ത്രി പദം നല്‍കണമെന്നാണ് മറ്റൊരാവാശ്യം.

ചെന്നിത്തലയും മുഖ്യമന്ത്രിക്കസേര ലക്ഷ്യമിടുന്നുണ്ട്. ചെന്നിത്തലയുടെ പെരുമ ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് പത്രത്തില്‍ മുഴുപേജ് ലേഖനം പ്രത്യക്ഷപ്പെട്ടത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനും മുമ്പെയായിരുന്നു. മുഖ്യമന്ത്രി പദത്തില്‍ ചെന്നിത്തല കണ്ണു വച്ചിരിക്കുന്നതാണ് ഇത്തരമൊരു നീക്കത്തിനു കാരണമെന്ന ചര്‍ച്ചകളും ഇതോടെ സജീവമാവുകയുണ്ടായി.

തിരഞ്ഞെടുപ്പ് വിജയത്തിനു തൊട്ടുപിന്നാലെ കെ സി വേണുഗോപാലിന് വേണ്ടി ഫ്‌ളക്‌സുകള്‍ സ്ഥാപിച്ച് അണികള്‍ മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള പോരു മുറുക്കിയിരുന്നു. ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നിരിക്കെ ഡല്‍ഹിയിലെത്തിയ കെ സി വേണുഗോപാലിനു വേണ്ടിയും ഇവിടെയും ഫ്‌ളക്‌സുകള്‍ ഉയരുകയും പ്രവര്‍ത്തകകൂട്ടം സ്വീകരിക്കാനെത്തുകയും ചെയ്തു.
ഇതിനിടെയാണ് സീനിയോറിറ്റിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മാനദണ്ഡമെന്ന ആയുധം രമേശ് ചെന്നിത്തല മുന്നോട്ടുവച്ചത്.

പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ എഐസിസിക്ക് കഴിയുമെന്ന് കരുതാനാവുന്ന അവസ്ഥയല്ല നിലവിലുള്ളത്. മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ എന്തു നല്‍കി അവരെ അനുനയിപ്പിക്കുമെന്നത് വരും ദിവസങ്ങളില്‍ കണ്ടറിയണം. താന്‍ യുഡിഎഫിനെ ഒറ്റക്കെട്ടായി പ്രവര്‍ത്തിപ്പിച്ചതിലൂടെയാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജയം കൈവരിച്ചതെന്ന് വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു. ഇതാണ് വസ്തുത എന്നിരിക്കെ അദ്ദേഹത്തിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ വളരെ കുറവാണ് എന്നത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രയാണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വരും ദിവസം ഇതു സംബന്ധിച്ച ചിത്രം വ്യക്തമാവും.

ALSO READ: യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം എം മണി