28
Apr 2024
Sun
28 Apr 2024 Sun
SURESH GOPI RAJIV CHANDRA SHEKHAR MURALEEDHARAN

തൃശ്ശൂര്‍: സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുന്നതിന് പതിനെട്ടടവും പയറ്റിയ ബിജെപി ഇക്കുറി അത് സാധ്യമാവുമെന്ന ആത്മവിശ്വാസത്തില്‍. തൃശ്ശൂരില്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുരേഷ്‌ഗോപി ജയിക്കുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. ( Will BJP open account in Kerala? )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തൃശ്ശൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ച സുരേഷ് ഗോപി വന്‍തോതില്‍ പണമിറക്കിയാണ് കളിച്ചത്. വോട്ടിന് കാശ് കൊടുക്കുന്ന രീതി ഉള്‍പ്പെടെ ഇത്തവണ തൃശ്ശൂരില്‍ പരീക്ഷിച്ചിരുന്നു. ഇടതുമുന്നണിയുമായി ഡീല്‍ ഉണ്ടാക്കിയോ എന്ന് സംശയിക്കുന്നവരും ഉണ്ട്.

തൃശ്ശൂരില്‍ സ്ത്രീവോട്ടര്‍മാര്‍ വലിയ തോതില്‍ പിന്തുണച്ചതായാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. സുരേഷ് ഗോപിയുടെ പല പൊടിക്കൈകളും സ്ത്രീകളെ ആകര്‍ഷിച്ചതായാണ് വിലയിരുത്തുന്നത്. ഈഴവ- നായര്‍ വോട്ടുകളില്‍ നല്ലൊരു ശതമാനവും സുരേഷ് ഗോപിയെ തുണച്ചു. ക്രിസ്ത്യന്‍ വോട്ടുവിഹിതത്തില്‍ ഒരു പങ്കും ചേര്‍ന്ന് 20,000ത്തിലധികം ഭൂരിപക്ഷമെന്നാണ് നിലവിലെ കണക്ക്. അവസാന ഘട്ടത്തില്‍ ഉണ്ടായ തൃശ്ശൂര്‍ പൂരം വിവാദവും അനുകൂല ഘടകമാവുമെന്നാണ് ബിജെപി കരുതുന്നത്.

മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ ഇരുമുന്നണികള്‍ക്കുമായി വിഭജിച്ചു പോയെന്നാണ് ബിജെപി വിലയിരുത്തുന്നത്. അതേ സമയം, ന്യൂനപക്ഷ വോട്ടുകള്‍ ഏതെങ്കിലും ഒരു മുന്നണിയിലേക്ക് കേന്ദ്രീകരിച്ചാല്‍ ബിജെപിയുടെ പ്രതീക്ഷകള്‍ തെറ്റും. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ പ്രതീക്ഷ പുലര്‍ത്തുന്നത്.

എന്നാല്‍, എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് മറിച്ച് കൊടുത്തതായും കോണ്‍ഗ്രസ് വോട്ടുകള്‍ പൂര്‍ണമായും പോള്‍ ചെയ്തിട്ടില്ലെന്നുമുള്ള മുരളീധരന്റെ പ്രസ്താവന ബിജെപിയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോണ്‍ഗ്രസ് വോട്ടുകളില്‍ ചെറിയൊരു ശതമാനമെങ്കിലും ബിജെപിക്ക് അനുകൂലമായെന്ന് മുരളീധരന്‍ കരുതുന്നുന്നു. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവും ചെറിയ തോതില്‍ സുരേഷ് ഗോപിക്ക് സഹായകമാവും.

തിരുവനന്തപുരത്തും പാര്‍ട്ടി പ്രതീക്ഷ കൈവിട്ടിട്ടില്ല. കോവളം ഉള്‍പ്പടെ കോണ്‍ഗ്രസ് വോട്ടുകള്‍ പൂര്‍ണമായും പോള്‍ ചെയ്യപ്പെട്ടില്ലെന്നാണ് ബിജെപി ആശ്വസിക്കുന്നത്. ജയിക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴും തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളില്‍ പോളിങ് കുറഞ്ഞത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിനിടെ, രാജീവ് ചന്ദ്രശേഖരന്‍ തിരുവനന്തപുരത്ത് നേരിയ വോട്ടിന് ജയിക്കുമെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. സുരേഷ് ഗോപിക്ക് സാധ്യതയില്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍, ഇത്തരം വിലയിരുത്തലുകളെയെല്ലാം അസ്ഥാനത്താക്കി പതിവ് പോലെ ബിജെപി കേരളത്തില്‍ സംപൂജ്യരാവുമെന്ന കരുതുന്നവരാണ് കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരില്‍ വലിയൊരു വിഭാഗവും.