|
മുംബൈ: അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന താലിബാന് ഇന്ത്യയില്‍ നയതന്ത്ര ഓഫീസ് തുറക്കാന്‍ ആഗ്രഹം. വാണിജ്യനഗരമായ മുംബൈയില്‍ തങ്ങളുടെ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് താലിബാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് അപേക്ഷനല്‍കി. അപേക്ഷ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്നും അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നും ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട്‌ചെയ്തു. അപേക്ഷ സ്വീകരിക്കുകയാണെങ്കില്‍ ചൈനക്കും പാകിസ്താനും പിന്നില്‍ താലിബാന് നയതന്ത്രജ്ഞരുള്ള രാജ്യമായി ഇന്ത്യ മാറും.
ഒരുപതിറ്റാണ്ടില്‍കൂടുതല്‍ യു.എസ് നടത്തിയ അധിനിവേശത്തിനൊടുവില്‍ 2021ല്‍ താലിബാന്‍ അഫ്ഗാനില്‍ അധികാരത്തില്‍ തിരിച്ചുവന്നത് മുതല്‍ ഇന്ത്യയും അഫ്ഗാനും തമ്മില്‍ പഴയ നയതന്ത്രബന്ധമില്ല. തകര്‍ന്ന ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇരുരാജ്യങ്ങളുടെയും ശ്രമങ്ങളുടെ ഭാഗമായാണ് താലിബാന്‍ മുംബൈയില്‍ കോണ്‍സുലേറ്റ് തുറക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
കോണ്‍സുലേറ്റില്‍ നിയമിക്കാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥരുടെ പട്ടികയും അവരുടെ പ്രൊഫൈലുകളടങ്ങുന്ന വിശദാംശങ്ങളും താലിബാന്‍ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. പട്ടികയിലുള്ള ഉദ്യോഗസ്ഥരുടെ ലോക്കല്‍ എന്‍ക്വയറിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കോണ്‍സുലേറ്റിന്റെ ചുമതല ഇന്ത്യയില്‍ പഠിച്ചുവളര്‍ന്ന ഇക്‌റാമുദ്ദീന്‍ കാമിലിന് ആയിരിക്കും. സെക്കന്‍ഡ് സെക്രട്ടറി പദവിയിലായിരിക്കും അദ്ദേഹം നിയമിക്കപ്പെടുക. ഇന്ത്യയില്‍ പി.എച്ച്.ഡി നേടിയ അദ്ദേഹം പിന്നീട് അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തില്‍ ജോലിനോക്കി. നോര്‍മല്‍ പാസ്‌പോര്‍ട്ടില്‍ മുംബൈയില്‍ കഴിയുകയാണ് അദ്ദേഹമിപ്പോള്‍. നിലവില്‍ അനൗപചാരികമായി അഫ്ഗാന്‍ കാര്യങ്ങള്‍ നോക്കുന്നതും ഇക്‌റാമുദ്ദീനാണ്.
ഔപചാരിക നയതന്ത്ര ബന്ധങ്ങളില്‍ ഇടിവുവന്നിട്ടുണ്ടെങ്കിലും കാബൂളും ഡല്‍ഹിയും തമ്മില്‍ 2021ന് ശേഷവും അനൗപചാരിക തലത്തിലാണെങ്കിലും ബന്ധം നിലനിര്‍ത്തുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ചെറിയ സംഘം കാബൂളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇന്ത്യക്ക് ഇപ്പോഴും കാബൂളില്‍ അനൗദ്യോഗിക ഓഫീസും ഉണ്ട്. പരമാവധി അഫ്ഗാനുമായി അടുപ്പം പുലര്‍ത്തുകയെന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി തീവ്രവാദവുമായി ബന്ധപ്പെടുത്തി അഫ്ഗാനെ കുറ്റപ്പെടുത്തിയുള്ള പ്രതികരണങ്ങള്‍ സമീപകാലത്തായി ഇന്ത്യ നടത്തിയിട്ടില്ല. ലശ്കറെ ത്വയ്യിബ, ജൈഷേ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകളുടെ നേരിട്ടുള്ളതോ പരോക്ഷമോ ആയ സാന്നിധ്യം സ്വന്തം മണ്ണില്‍ അനുവദിക്കില്ലെന്ന ഉറപ്പ് അഫ്ഗാനില്‍ നിന്ന് ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. താലിബാനെ ചൂണ്ടിക്കാട്ടി അഫ്ഗാനുമായി ഇന്ത്യ അകലുകയാണെങ്കില്‍ ഈ സാഹചര്യം പാകിസ്താന്‍ പമരാവധി മുതലെടുക്കുമെന്നും അതു ഇന്ത്യക്ക് വന്‍ ഭീഷണിയാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
കഴിഞ്ഞയാഴ്ച കാബൂളില്‍വച്ച് ഇന്ത്യ താലിബാനമുായി നേരിട്ട് ചര്‍ച്ചനടത്തിയിരുന്നു. വിദേശകാര്യമന്ത്രാലയത്തിന് കീഴില്‍ അഫ്ഗാന്റെയും പാകിസ്താന്റെയും കാര്യങ്ങള്‍ നോക്കുന്ന ഉദ്യോഗസ്ഥന്‍ ജിതേന്ദര്‍ പാല്‍ സിങ് ആണ് കാബൂളിലെത്തി താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖി, പ്രതിരോധമന്ത്രി മുഹമ്മദ് യാഖൂബ് എന്നിവരുമായാണ് ചര്‍ച്ചനടത്തിയത്.
Will the Taliban open a consulate in Mumbai decision soon
Will the Taliban open a consulate in Mumbai? The Modi government may take a favorable decision on the application





