|
എട്ടാം ക്ലാസ് വിദ്യാർഥിയെ കൂട്ടുകാരന്റെ അമ്മ വിഷംകൊടുത്തുകൊന്നു. തമിഴ്നാട്ടിലെ പുതുച്ചേരിയിലെ കാരയ്ക്കലിൽ ആണ് സംഭവം. സ്വകാര്യ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ ബാല മണികണ്ഠൻ മരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ബാല മണികണ്ഠന്റെ സഹപാഠിയുടെ അമ്മ സഹായറാണി വിക്ടോറിയയാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജ്യൂസിൽ വിഷം കലർത്തിനൽകിയാണ് സഹായറാണി കുട്ടിയെ കൊലപ്പെടുത്തിയത്. പഠനത്തിൽ സഹായറാണിയുടെ മകനേക്കാൾ മികവ് ബാല മണികണ്ഠൻ പുലർത്തുന്നതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ബാലമണികണ്ഠൻ ഏറെ അവശനായിരുന്നു. സ്കൂളിലെ വാച്ച്മാൻ നൽകിയ ജ്യൂസ് കുടിച്ചെന്നും ഇതിന് പിന്നാലെ തളർന്നുവീണെന്നും കുട്ടി വീട്ടുകാരോട് വെളിപ്പെടുത്തി. ഇതോടെ വീട്ടുകാർ കുട്ടിയെ കാരയ്ക്കൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളിൽച്ചെന്നതായി കണ്ടെത്തിയത്.
എന്നാൽ ബാലയുടെ വീട്ടിൽ നിന്നാണെന്ന് പറഞ്ഞ് ഒരു സ്ത്രീ ജ്യൂസ് കുപ്പികൾ നൽകിയെന്നും ഇത് താൻ ബാലയ്ക്ക് നൽകുകയായിരുന്നുവെന്നും വാച്ച്മാൻ മൊഴി നൽകി. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സ്കൂളിലെ മറ്റൊരു വിദ്യാർഥിയുടെ അമ്മയാണ് ജ്യൂസ് നൽകിയതെന്ന് കണ്ടെത്തി. തുടർന്നാണ് സഹായറാണിയെ പൊലീസ് അസ്റ്റ് ചെയ്യുകയായിരുന്നു.



