കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരില്‍ നിരന്തരകലഹം, മര്‍ദ്ദനം; പാലക്കാട്ട് ഭര്‍തൃവീട്ടില്‍ യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
|
പാലക്കാട്: ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മുടപ്പല്ലൂര്‍ മാത്തൂര്‍ സ്വദേശിനി സജിനയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സജിനയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കോളജില്‍ ലെക്ചററായിരുന്നു സജിന. അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറപ്പിച്ച് പറയുന്നു.
2012 ലാണ് കൊടുവായൂര്‍ സ്വദേശിയുമായി സജിനയുടെ വിവാഹം കഴിഞ്ഞത്. 11 വര്‍ഷത്തിനിടെ പല തവണ ഭര്‍തൃവീട്ടില്‍ നിന്നും സജിനക്ക് ദുരനുഭവം നേരിട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. ഒടുവില്‍ പീഡനം സഹിക്കവയ്യാതെ ജനുവരി രണ്ടിന് സ്വന്തം വീട്ടിലേക്ക് തിരികെ വന്നു.
എന്നാല്‍, ഭര്‍ത്താവ് വീട്ടില്‍വന്ന് കരഞ്ഞു കാലുപിടിച്ചാണ് സജിനയെ തിരികെ കൊണ്ടുപോയതെന്ന് മാതാവ് പൊന്‍മല പറഞ്ഞു. പിന്നീട് ആത്മഹത്യ ചെയ്ത വിവരമാണ് അറിയുന്നതെന്നും കുടുംബം പറഞ്ഞു. സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.
കുഞ്ഞുങ്ങളില്ലാതിരുന്ന ദമ്പതിമാര്‍ തമ്മില്‍ ഇതു സംബന്ധിച്ചു തര്‍ക്കമുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. മദ്യപിച്ചെത്തി ഭര്‍ത്താവ് സജിനയെ സ്ഥിരമായി മര്‍ദിച്ചിരുന്നതായും ഒരുതവണ പരിക്കേറ്റ സജിനയ്ക്ക് തലയ്ക്ക് നാല് തുന്നലിടേണ്ടിവന്നതായും പരാതിയിലുണ്ട്. മരണത്തിന് ഒരാഴ്ച മുന്‍പും മര്‍ദനത്തെത്തുടര്‍ന്ന് സജിന മുടപ്പല്ലൂരിലെ വീട്ടിലെത്തിയിരുന്നു. ഗോപകുമാര്‍ ആത്മഹത്യാഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് മരണത്തിനു നാലുദിവസം മുന്‍പാണ് ഭര്‍ത്തൃവീട്ടിലേക്ക് എത്തിയത്.
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നായിരിക്കാം മരണമെന്ന് കുടുംബം ആരോപിക്കുന്നു. പലതവണ തല്ലുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് തലപൊട്ടി സജിന ചികിത്സയില്‍ കഴിഞ്ഞിരുന്നു എന്നും ഇവര്‍ പറയുന്നു. ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ചിറ്റൂര്‍ ഡിവൈ.എസ്.പിക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.





